കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ നിയത്രണം വിട്ട മിനി ലോറി കടയിലേക്ക്  പാഞ്ഞ് കയറി അപകടം. ഇറച്ചിക്കോഴികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തു. ലോറി ഡ്രൈവർക്കും സാരമായ പരിക്കുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കക്കാടംപൊയിലിലെ  കോഴിഫാമിൽ നിന്നും കോഴികളുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും അപകടത്തിൽ തകർന്നു. പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. പകൽ സമയത്ത് വലിയ തിരക്കുള്ള അങ്ങാടിയിലാണ് അപകടമുണ്ടായത്. പുലർച്ചെയായതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ചത്തതും പരിക്കേറ്റതുമായ കോഴിക്കളെ നീക്കാൻ പഞ്ചായത്ത് അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്.