വീടിന്‍റെ മുൻപിലെ റോഡിൽ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ലോറി ഇടിച്ചാണ് ഒമ്പത് വയസുകാരന്‍ മരിച്ചത്. അമ്മാവനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകവെ മിനി ലോറിയിടിച്ചാണ് ഏഴ് വയസുകാരി മരിച്ചത്.

കൊച്ചി/ കണ്ണൂർ: സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി ഉണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. എറണാകുളത്തും കണ്ണൂരും ലോറി ഇടിച്ചാണ് സ്കൂൾ വിദ്യാര്‍ത്ഥികള്‍ മരിച്ചത്. എറണാകുളത്തെ ചെങ്ങമനാട് ഒമ്പത് വയസുകാരനും കണ്ണൂരിലെ പാനൂരിൽ ബൈക്കിൽ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്. 

ചെങ്ങമനാട് സ്വദേശി ജിന്നാസിന്‍റെ മകൻ മുഹമ്മദ് ജസീർ ആണ് എറണാകുളത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചത്. വീടിന്‍റെ മുൻപിലെ റോഡിൽ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അപകടം. അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജസീർ. അപകടത്തിൽപ്പെട്ട മുഹമ്മദ് ജസിൻ തൽക്ഷണം മരണമടഞ്ഞു.

പുതിയ പറമ്പത്ത് സത്യന്‍റെയും പ്രനിഷയുടെയും മകൾ അൻവിയയാണ് പാനൂരിൽ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അമ്മാവനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകവെ ചെണ്ടയാട് സ്കൂളിനടുത്തെ വളവിൽ മിനി ലോറിയുടെ പിൻഭാഗം ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.