കർണാടകയിലെ ബെലഗാവിൽ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി കത്തിച്ചത്

ബെംഗളൂരു: കർണാടകയിലെ ബെലഗാവിൽ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു. കത്തിച്ചത് എഴ് ക്വിന്റൽ ബീഫുമായി പോയ ലോറി. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം.

സംഭവം നടന്ന അയിനാപൂർ ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് രണ്ട് കേസുകൾ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. അനധികൃതമായി പോത്തിറച്ചി കടത്തിയതിനും പൊലീസ് കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറി കത്തിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഞ്ച് യുവാക്കൾ നിലവില്‍ കസ്റ്റഡിയിലാണ്.

YouTube video player