സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഒക്ടോബര്‍ ആദ്യവാരമാണ് എസ്എഫ്ഐ  പ്രവര്‍ത്തകര്‍ ലോറി തടഞ്ഞത്. അന്നുമുതല്‍ ക്യാമ്പസില്‍ കിടന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്. 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ (Maharajas College) സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം കയറ്റിയ ലോറി ക്യാമ്പസില്‍ നിന്നും കാണാതായി. ലോറി ഉടമ അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കടത്തിക്കൊണ്ട് പോയെന്നാണ് സൂചന. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങി. സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഒക്ടോബര്‍ ആദ്യവാരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞത്. അന്നുമുതല്‍ ക്യാമ്പസില്‍ കിടന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്. കോളേജിലെ ലൈബ്രറി കെട്ടിടത്തിന് സമീപത്ത് നിന്ന് മുറിച്ച് മാറ്റിയ വൻ മരങ്ങളാണ് ലോറിയിൽ കയറ്റി കോളേജിന് പുറത്ത് കൊണ്ടുപോകാൻ ഈ മാസം ആദ്യം ശ്രമം നടന്നത്. 

അതിന് ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ് കണക്കിന് മരം മുറിച്ച് കൊണ്ടുപോയിരുന്നെങ്കിലും രേഖകളോടെയാണ് മരം കടത്തുന്നതെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും കരുതിയത്. എന്നാൽ ലോറി ഡ്രൈവറോഡ് രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഒന്നും ഇല്ലെന്നും കാക്കനാട് സോമൻ എന്നയാൾക്കാണ് മരം കൊണ്ടുപോകുന്നതെന്നും വിശദീകരിച്ചു. ഇതോടെയാണ് വിദ്യാർത്ഥികൾ ലോറി തടഞ്ഞത്. കോളേജിനകത്തെ മരം മുറിയ്ക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്‍റിന്‍റെ അനുമതി വാങ്ങണം. ലേലം കൊള്ളുന്ന തുക ട്രഷറിയിൽ അടയ്ക്കണം. ഈ നടപടികളൊന്നും മരംമുറിയിൽ ഉണ്ടായിട്ടില്ല. മരം മുറി പ്രിൻസിപ്പാളിന്‍റെ ഒത്താശയോടെയാണെന്ന് ആരോപിച്ച് ഗവേണിംഗ് കൗൺസിലിലെ ചിലർ രംഗത്ത് വന്നിരുന്നു. എന്നാൽ ആരോപണം പ്രിൻസിപ്പാൾ തള്ളിയിരുന്നു.