അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിലെ മഴ സാഹചര്യം മാറി; വീണ്ടും ജാഗ്രത നിർദ്ദേശം, 2 ജില്ലകളിൽ യെല്ലോ
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ജാഗ്രത നിർദ്ദേശം. ബംഗാൾ ഉൾക്കടലിൽ ഉള്ള അതി തീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇത് പ്രകാരം കേരളത്തിൽ ദിവസങ്ങൾക്ക് ശേഷം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ജാഗ്രതയുള്ളത്.
അതിതീവ്ര ന്യൂനമർദ്ദം അറിയിപ്പ്
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉള്ള അതി തീവ്ര ന്യൂനമർദ്ദം (Deep Depression) അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്, വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചു ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത. നവംബർ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊൻഗ്ലക്കും ഖേപുപാറക്കും മധ്യ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത. വടക്കൻ ശ്രീലങ്കക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
16-11-2023 : കൊല്ലം , പത്തനംതിട്ട
19-11-2023 : കൊല്ലം , പത്തനംതിട്ട
20-11-2023 : പത്തനംതിട്ട , ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം