റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ആവശ്യങ്ങൾ നടപ്പാക്കാതെ ഐസിയുവിൽ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവർ. അതേസമയം, പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് സമരസമിതിക്കും ഡിവൈഎഫ്ഐക്കും എതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവിൽ ഐസിയുവിൽ നിരാഹാരം തുടരുകയാണെന്നും സമരത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥി ജയകൃഷ്ണൻ. ഇങ്ങനെ തുടർന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമാകും. നിലവിൽ ഐ വി ഫ്ലൂയിഡ് നൽകുന്നുണ്ട്. കൈയിൽ നീരുവെച്ചത് കാരണം ഡ്രിപ് ഇടാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആവശ്യങ്ങൾ നടപ്പാക്കി തരാതെ നിരാഹാരം അവസാനിപ്പിക്കില്ല. ജീവൻ നൽകാൻ വരെ വളർമതി തയ്യാറാണ്. പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. റേഷ്യോ കുറക്കുന്നത് ഡിവിഷൻ ഫാൾ വന്ന സ്കൂളുകളിൽ എങ്കിലും നടപ്പാക്കണമെന്നും ജയകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതരും അറിയിച്ചു. നിലവിൽ വളർമതി ഐസിയുവിൽ തുടരുകയാണ്. നിരാഹാരം അവസാനിപ്പിച്ചിട്ടുമില്ല. ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാകുമെന്ന് ആർഎംഒ പറഞ്ഞു. വളർമതി നിരാഹാരം തുടങ്ങിയിട്ട് ഇന്ന് ഇരുപതാം ദിവസമാണ്. ഇന്നലെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടുകയായിരുന്നു. പൊലീസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.














