Asianet News MalayalamAsianet News Malayalam

ഹൈക്കോടതിയിൽ സ്വന്തം ഭാഗം വാദിച്ച് സിസ്റ്റർ ലൂസി കളപ്പുര: വാദം പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റി

തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും മഠത്തിൽ നിന്നും ഇറങ്ങാൻ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് തീർപ്പാകുന്ന വരെ മഠം വിട്ടിറങ്ങാനാവില്ലെന്നും ലൂസി കളപ്പുര ഹൈക്കോടതിയെ ബോധിപ്പിച്ചു

Lucy kalappuram seeks HC protection to live in convent
Author
Kochi, First Published Jul 14, 2021, 1:44 PM IST

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയുടെ കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. അഭിഭാഷകൻ്റെ അസാന്നിധ്യത്തിൽ ലൂസി കളപ്പുര സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചതോടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇതാദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്ന അപൂർവ്വ സംഭവത്തിനും കേരള ഹൈക്കോടതി സാക്ഷിയായി. 

തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും മഠത്തിൽ നിന്നും ഇറങ്ങാൻ സഭാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് തീർപ്പാകുന്ന വരെ മഠം വിട്ടിറങ്ങാനാവില്ലെന്നും ലൂസി കളപ്പുര ഹൈക്കോടതിയെ ബോധിപ്പിച്ചു. എന്നാൽ മഠത്തിൽ തന്നെ ലൂസി കളപ്പുര തുടരണമെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ മഠത്തിന് പുറത്ത് ലൂസി കളപ്പുര എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സിസ്റ്റർ ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നതെന്നും അവിടെ സംരക്ഷണം നൽകാമെന്ന് പൊലീസും കോടതിയെ അറിയിച്ചു. 

എന്നാൽ കാൽനൂറ്റാണ്ടിലേറെയായി സന്ന്യാസിനിയായി  തുടരുന്ന തന്നെ സേവനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും മഠത്തിൽ നിന്നും പുറത്തായാൽ തനിക്ക് പോകാൻ ഇടമില്ലെന്നും ലൂസി വാദിച്ചു. എന്നാൽ ഈ വാദത്തെ സഭയുടെ അഭിഭാഷകൻ എതിർത്തു. നേരത്തെയും പലവട്ടം ലൂസി കളപ്പുര മഠം വിട്ടു പുറത്തു പോകുകയും പല സ്ഥലങ്ങളിലും താമസിക്കുകയും ചെയ്തിട്ടുണ്ടെന്നും സന്ന്യാസി സമൂഹത്തിൻ്റെ അഭിഷാകൻ ചൂണ്ടിക്കാട്ടി.  കാരയ്ക്കാമല മഠത്തിൽ നിന്നും പോയാണ് ഇപ്പോഴും ലൂസി കളപ്പുര കേസ് നടത്തുന്നെന്നും അവർ കൂട്ടിച്ചേർത്തു. 

കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസ കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നിസഹായരായി സ്ത്രീകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളത്. എൻ്റെ കേസടക്കം അതിന് ഉദാഹരണമാണ്. കന്യാസ്ത്രീ എന്ന സംരക്ഷണത്തിൽ നിന്നാണ് സഭാ നേതൃത്വം എന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിൻ്റെ ഇര തന്നെ വാദിക്കുകയും കോടതിയിൽ തൻ്റെ നിലപാട് പറയുകയും ചെയ്യുകയാണ്. എൻ്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായി - സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. 

ഹൈക്കോടതിയിൽ ലൂസി കളപ്പുര നൽകിയ ഹർജി പ്രകാരം അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തിൽ തുടരാനാകുമോ എന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. ഈ പരാമർശം പിൻവലിക്കണമെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടിരുന്നു. മഠത്തിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ താൻ സഭയിലും മറ്റൊരു കോടതിയിലും പോരാട്ടം നടത്തുകയാണെന്നും തനിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി ഇടപെടേണ്ടതെന്നും ലൂസി വാദിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios