തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
തൃശ്ശൂര്‍: തൃശൂരിലെ ലുലു ഗ്രൂപ്പിന്‍റെ വിവാദ ഭൂമി തരം മാറ്റിയ ആർഡിഒ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്‍റെ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് നിർദ്ദേശം. കൃഷി ഓഫീസറുടെ റിപ്പോർട്ടും State Remote Sensing & Environment Centre (KSRSEC)- ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള റിപ്പോർട്ടടക്കം പരിശോധിച്ച് വിഷയത്തിൽ നാല് മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവ്. ഇതോടെ ആർഡിഒ റിപ്പോർട്ട് പരിഗണനയ്ക്കായി വീണ്ടും തിരിച്ചയച്ചു.
നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭൂമിയെ ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടതി കണ്ടെത്തി. കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമായിരുന്നു ആർഡിഒ തരംമാറ്റത്തിന് അനുമതി നൽകേണ്ടിയിരുന്നത്. എന്നാൽ ഈ ഭൂമിയുടെ കാര്യത്തിൽ അതുണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാറ്റലൈറ്റ് ദൃശ്യങ്ങളും ഗൂഗിൽ എർത്ത് ഡേറ്റ, വില്ലേജ് ഓഫീസറുടെ മഹസർ എന്നിവയിൽ 2022ൽ വരെ ഭൂമി നെൽവയലാണെന്ന് തെളിയിക്കുന്നതായുള്ള രേഖകളും കോടതി പരിശോധിച്ചു.
ആർഡിഒ റിപ്പോർട്ട് തിരിച്ചയച്ചതോടെ ലുലു ഹൈപ്പർ മാർക്കറ്റ് നൽകിയ കൺവേർഷൻ ഫീ താൽക്കാലികമായി തിരികെ നൽകാനും കേസ് പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം നിർദ്ദേശിച്ചു. തൃശൂർ അയ്യന്തോളിലെ നിർദ്ദിഷ്ട പദ്ധതി പ്രദേശത്തെ ഭൂമി പാടശേഖര ഭൂമിയായി ഡേറ്റ ബാങ്കിൽ തെറ്റായാണ് ഉൾപ്പെടുത്തിയതെന്ന് ആരോപിച്ചാണ് ലുലു ഹൈപ്പർ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിച്ചത്. 2008ലെ നെൽവയൽ തണ്ണീർത്തട നിയമം വരുന്നതിന് മുൻപെ തന്നെ കൃഷി ചെയ്യാനാകാത്ത വിധം ഭൂമിയുടെ സ്വഭാവം മാറിയിരുന്നുവെന്നും അതിനാൽ പുരയിടമായി രേഖപ്പെടുത്തണം എന്നുമായിരുന്നു ആവശ്യം.
ഇതിൽ ഭൂമി മണ്ണിട്ട് നികത്തിയത് ചോദ്യം ചെയ്താണ് തൃശൂരിലെ പാടശേഖര സംരക്ഷണ കമ്മിറ്റി അംഗവും സിപിഐ പ്രവർത്തകനുമായ ടി എൻ മുകുന്ദൻ കേസിൽ കക്ഷിചേർന്നത്. പ്രദേശം നെൽകൃഷി പ്രദേശമെന്നും ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയത് നിയമവിരുദ്ധമെന്നുമാണ് മുകുന്ദന്റെ വാദം. തൃശൂരിലെ ലുലുവിന്റെ നിക്ഷേപം മുടക്കുന്നത് ഒരു പാർട്ടിയാണെന്ന യൂസഫലിയുടെ പരാമർശത്തോടെയാണ് വിഷയം പൊതുശ്രദ്ധയിൽ വരുന്നത്. എന്നാൽ സിപിഐ പ്രവർത്തകൻ എന്ന നിലയിലല്ല വ്യക്തപരമായാണ് കോടതിയെ സമീപിച്ചതെന്ന് കേസിലെ എതിർകക്ഷിയായ ടിഎൻ മുകുന്ദന്റെ പ്രതികരണം. എന്നാൽ തണ്ണീർത്തട സംരക്ഷണം പാർട്ടി നയമാണെന്ന് മുകുന്ദന്റെ പിന്തുണച്ച് സിപിഐ നിലപാട് അറിയിച്ചിരുന്നു.

