മലപ്പുറം: കൊണ്ടോട്ടി ഓമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ആൾക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേർകൂടി അറസ്റ്റിൽ. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം ഡിവൈഎസ്പി പി പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ മൂന്ന് പേരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നേരത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഓമാനൂർ സ്വദേശികളായ ഫൈസൽ, മുത്തസ് ഖാൻ, ദുൽഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 46 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതും പൊലീസ് പകർത്തിയതുമടക്കം അമ്പതോളം വീഡിയോകളാണ് കേസന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്.

കാർ യാത്രക്കാരായ രണ്ടുപേർ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പത്താം ക്ലാസ് വിദ്യാർഥിയുടെ ആരോപണത്തെ തുടർന്നാണ് യുവാക്കളെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചത്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാക്കൾ സുഖം പ്രാപിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു. ഓണ പരീക്ഷയിൽ മാർക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.