Asianet News MalayalamAsianet News Malayalam

Love Jihad: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ല; ജോർജ് എം തോമസിന് നാക്കുപിഴച്ചതാക്കാമെന്ന് സ്പീക്കർ എം ബി രാജേഷ്

കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്ര വിവാഹിതർ ഉള്ളത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായിയെന്ന് കരുതുന്നില്ലെന്നും എം ബി രാജേഷ്.

M B Rajesh says there is no such thing as love jihad in Kerala
Author
Delhi, First Published Apr 13, 2022, 10:32 AM IST

ദില്ലി: കേരളത്തിൽ ലൗ ജിഹാദ്  (Love jihad) എന്നൊന്നില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിന് നാക്കുപിഴച്ചതാക്കാമെന്നും എം ബി രാജേഷ് പറഞ്ഞു. 

വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികള്‍ ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്ര വിവാഹിതർ ഉള്ളത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായിയെന്ന് കരുതുന്നില്ലെന്നും എം ബി രാജേഷ് പ്രതികരിച്ചു. മതനിരപേക്ഷ ജീവിതം സാധ്യമായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ലൗ ജിഹാദ് എന്നൊന്ന് പാർട്ടി രേഖയിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാം. താൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ആളാണെന്നും എം ബി രാജേഷ് പറഞ്ഞു.

അതേസമയം, ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം ജോർജിനും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പി മോഹനൻ വിശദീകരിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനൻ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയിൽ ഈ വിവാഹം മുൻ നിർത്തി പാർട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. അത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അത് അടക്കം തിരുത്താനാണ് പൊതുയോഗം. ലൗ ജിഹാദിനെ പറ്റിയുള്ള പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷെജിനും ജോയ്സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി മോഹനൻ അറിയിച്ചു. പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലൗ ജിഹാദ് ഒരു നിർമ്മിത കള്ളം: ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജ്യോത്സ്ന  തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട് എന്ന് ഡിവൈഎഫ്ഐ കേരളഘടകത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.

സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്ന് ഡിവൈഎഫ്ഐ പറയുന്നു. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത്  സഖാവ് ഷെജിനും ജ്യോത്സ്ന  മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക്  മാതൃകയുമാണ്. ഇരുവർക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിവൈഎഫ്ഐ പറയുന്നു.

Follow Us:
Download App:
  • android
  • ios