കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ  പൊലീസ്  കസ്റ്റഡിയിൽ വിട്ട എം സി കമറുദ്ദീൻ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലായിരുന്നു ചോദ്യം ചെയ്യൽ. നിക്ഷേപകരുടെ പണം  ഉപയോഗിച്ച് സ്വകാര്യ സ്വത്ത് സ്വന്തമാക്കിയോ , ബിനാമി ഇടപാടുകൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. നാളെയും ചോദ്യം ചെയ്യൽ തുടരും.

കൂടുതൽ കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ജില്ല വിട്ടതായാണ് വിവരം. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനിടെ എം സി കമറുദ്ദീനും, പൂക്കോയ തങ്ങൾക്കുമെതിരായി ചന്തേര സ്റ്റേഷനിൽ നാല് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരെ 116 വഞ്ചന കേസുകളായി.