Asianet News MalayalamAsianet News Malayalam

സിപിഎമ്മിനൊപ്പം നില്‍ക്കാമെന്ന് പറഞ്ഞ സിഎ കുര്യന്‍, പിന്നീട് കാല് മാറിയെന്ന് : എം എം മണി

പാര്‍ട്ടിക്കൊപ്പം നില്‍ക്കാമെന്നാണ് അന്ന് സി എ കുര്യന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് കുര്യന്‍ കാലുമാറുകയായിരുന്നെന്ന് എം എം മണി ആരോപിച്ചു.

M M Mani against cpi leader late c a kurian
Author
First Published Oct 17, 2022, 4:30 PM IST


മൂന്നാര്‍:   മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്ത മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി, സിപിഐയുടെ മുതിര്‍ന്ന നേതാവിനെതിരെയും രംഗത്തെത്തി. സിപിഐയുടെ മുതിര്‍ന്ന നേതാവ് സി എ കുര്യനെതിരെയാണ് എം എം മണി രംഗത്തെത്തിയത്.  മൂന്ന് തവണ പീരുമേട് മണ്ഡലത്തില്‍ നിന്നും വിജയിച്ച സി എ കുര്യന്‍, പത്താം കേരള നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. സിപിഐയുടെ സമുന്നത നേതാവായ അദ്ദേഹം 2021 മാര്‍ച്ച് 20 ന് തന്‍റെ 88 മത്തെ വയസിലാണ്  അന്തരിച്ചത്. 

ആദ്യ കാലത്ത് ഇന്ത്യയില്‍ ഒറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഉണ്ടായിരുന്നത്. എല്ലാ നേതാക്കളും ഒന്നിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എഐടിയുസിക്കൊപ്പം നിന്നാണ് അന്ന് എല്ലാ യൂണിയന്‍ നേതാക്കളും പ്രവര്‍ത്തിച്ചിരുന്നത്. 1964 -ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം പാര്‍ട്ടി പുതിയതായി രൂപം കൊണ്ടു. അന്നത്തെ കമ്മറ്റിയില്‍ സിഎ കുര്യനുമുണ്ടായിരുന്നു. പാര്‍ട്ടിക്കൊപ്പം നില്‍ക്കാമെന്നാണ് അന്ന് സിഎ കുര്യന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് കുര്യന്‍ കാലുമാറുകയായിരുന്നെന്ന് എം എം മണി ആരോപിച്ചു.

സിഎ കുര്യനെ മാറ്റണമെന്നുള്ള ചര്‍ച്ചകള്‍ കമ്മറ്റിയില്‍ നടക്കുമ്പോള്‍, അദ്ദേഹം സിപിഎമ്മിനൊപ്പം നില്‍ക്കാമെന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. അന്ന് മൂന്നാര്‍ സിപിഐ ഓഫീസ് പടിച്ചെടുക്കുന്നതിനിന് ചില നീക്കങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തി.  തുടര്‍ന്ന് പൊലീസ് ലാത്തിവീശി. നിരവധി ദിവസം നീണ്ട് നിന്ന പ്രതിഷേധം പിന്നീട് കെട്ടടങ്ങി. ഇത് പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും ഓര്‍മ്മ കാണുമെന്നും അദ്ദേഹം മൂന്നാറില്‍ നടന്ന ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) 54 -മത് വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. 

സിപിഐ - സിപിഎം പടലപിണക്കം തുടരുന്നതിനിടെ സിപിഐയുടെ മുതിര്‍ന്ന നേതാവിനെതിരെ എംഎം മണി പറഞ്ഞ പ്രസ്ഥാവന വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇതേ യോഗത്തില്‍ മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാന്‍ തൊഴിലാളികളോട് എം എം മണി ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്തിരുന്ന എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഉണ്ട ചോറിന് അദ്ദേഹം നന്ദി കാണിച്ചില്ലെന്നും എം എം മണി ആരോപിച്ചു. 

പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ട് പ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചെന്നും എം എം മണി ആരോപിച്ചിരുന്നു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണമെന്നും മണി തോട്ടം തോഴിലാളികളോട് ആവശ്യപ്പെട്ടു. 'രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുത്' എന്നായിരുന്നു എംഎം മണി തൊഴിലാളികളോട് പറഞ്ഞത്. നേരത്തെ സംഘടനാ വിരുദ്ധത ആരോപിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി എസ് രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് എസ് രാജേന്ദ്രനെതിരെ നടപടി എടുത്തിരുന്നു. ദേവികുളത്തെ ഇടത് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് രണ്ടംഗ കമ്മീഷന്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടിക്ക് ശുപാര്‍ശ വന്നത്. എന്തുവന്നാലും പാര്‍ട്ടി വിടില്ലെന്നാണ് രാജേന്ദ്രന്‍റെ നിലപാട്. എന്നാല്‍, പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയതായി രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. 

 

കൂടുതല്‍ വായനയ്ക്ക്:  'കൈകാര്യം ചെയ്യാൻ വന്നാൽ അപ്പോൾ നോക്കാം'; എം എം മണിക്ക് എസ് രാജേന്ദ്രന്‍റെ മറുപടി
 

 

 

Latest Videos
Follow Us:
Download App:
  • android
  • ios