രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം  ജന്മദിനമായ ഇന്ന് അദ്ദേഹത്തെ സ്മരിച്ച് വൈദ്യുതി മന്ത്രി എം എം മണി. ഈ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കുന്നതോടൊപ്പം രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ തലപൊക്കാൻ ശ്രമിക്കുന്ന 'ഗോഡ്‌സെ'മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

എം എം മണിയുടെ എഫ് ബി പോസ്റ്റ്

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ വഴികാട്ടിയും നമ്മുടെ രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിയുടെ 150 -)മത് ജന്മവാർഷിക ദിനമാണ് ഇന്ന്. മഹാത്മാവിനെ ആദരപൂർവ്വം സ്മരിക്കുന്നു.

താഴ്ന്നവനെന്നോ ഉയർന്നവനെന്നോ വ്യത്യാസമില്ലാത്തതും, ജാതി-മത, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ നീതി, തുല്യ നിയമം, തുല്യ പങ്കാളിത്തം കിട്ടുന്നതുമായ ഒരു രാജ്യം ആയിരുന്നു ഗാന്ധിജിയുടെ സങ്കൽപ്പത്തിലെ ഇന്ത്യ. ഇത്തരം മഹത്തായ ആശയങ്ങളുടെ മഹാത്മാവിനു നേരെ ഹിന്ദു വർഗ്ഗീയവാദിയായ ഗോഡ്‌സെ എന്ന മതഭ്രാന്തൻ നിറയൊഴിച്ചപ്പോൾ അത് കൊണ്ടത് ഗാന്ധിജിയുടെ നെഞ്ചിൽ മാത്രമായിരുന്നില്ല, അദ്ദേഹത്തിൻറെ ആശയങ്ങളുമായി ഒത്തുചേർന്ന എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തിൽ കൂടിയായിരുന്നു.
ഈ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കുന്നതോടൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തലപൊക്കാൻ ശ്രമിക്കുന്ന 'ഗോഡ്‌സെ'മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാം.