രാഹുല്‍ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ വാഗ്ദാനങ്ങളെ നിഷ്ഭ്രമമാക്കുന്ന ഒന്നായിരിക്കും മോദി പ്രഖ്യാപിക്കാന്‍ പോകുന്നത് എന്നായിരുന്നു പ്രധാനപ്പെട്ട പ്രതീക്ഷകളിലൊന്ന്

രാജ്യം ഇന്ന് ഏറെ ആകാംക്ഷയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താന്‍ പോകുന്ന പ്രഖ്യാപനത്തെ രാജ്യം വീക്ഷിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്തോ വലിയ വാഗ്ദാനം വരാന്‍ പോകുന്നുവെന്ന് പലരും വിലയിരുത്തി. രാഹുല്‍ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ വാഗ്ദാനങ്ങളെ നിഷ്ഭ്രമമാക്കുന്ന ഒന്നായിരിക്കും മോദി പ്രഖ്യാപിക്കാന്‍ പോകുന്നത് എന്നായിരുന്നു അതില്‍ പ്രധാനപ്പെട്ട പ്രതീക്ഷകളിലൊന്ന്.

എന്നാല്‍, ഇന്ത്യ കെെവരിച്ച ഒരു ബഹിരാകാശ നേട്ടത്തെക്കുറിച്ചുള്ള പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത്. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു.

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്‍ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം.

ബഹിരാകാശശക്തികളിൽ ഇന്ത്യ സ്വന്തം അധ്യായം എഴുതിച്ചേർത്തു. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രവർത്തനക്ഷമമായ ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് തകർത്തു. അതിന് എ-സാറ്റ് എന്ന ആന്‍റി സാറ്റലൈറ്റ് ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തി.

മൂന്ന് മിനിറ്റ് കൊണ്ടാണ് ഈ മിഷൻ പൂ‍ർത്തിയായത്. ഇതിന് കൃത്യത ആവശ്യമായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർ ആ മിഷൻ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. - മോദി പറഞ്ഞു. എന്നാല്‍, ഈ പ്രഖ്യാപനത്തെ ട്രോളിയിരിക്കുകയാണ് മന്ത്രി എം എം മണി.

രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി മോദി ഉപയോഗിക്കുന്ന മേരെ പ്യാരെ ദേശ് വാസിയോം എന്നത് ഉള്‍പ്പെടുത്തി പ്രഖ്യാപനം വിചാരിച്ച അത്ര കലങ്ങിയില്ലെന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം യോദ്ധാ സിനിമയിലെ ജഗതി ശ്രീകുമാറിന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.