'മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമം'; അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് അഭിഭാഷകൻ
പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ് മുകേഷ്. അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ലെന്ന് മുകേഷിന്റെ അഭിഭാഷകൻ.
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ. അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ ആരോപണങ്ങൾ സംശയാസ്പദമാണെന്ന് അറിയിച്ച അഭിഭാഷകൻ, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും വ്യക്തമാക്കി.
പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്, ഒളിച്ചോടുന്ന ആള്‍ അല്ല. പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ് മുകേഷ്. അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ല. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ആരോപണം. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള ഇലക്ട്രോണിക് മെയില്‍ അടക്കുമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗിക പീഡന കേസിൽ മൂന്ന് വരെ മുകേഷിന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ഇനി രണ്ടാം തീയതി കേസ് പരിഗണിക്കും.
അതേസമയം, രാജിക്കായുള്ള മുറവിളി തുടരുമ്പോഴും നടിയുടെ ലൈംഗിക അധിക്ഷേപ പരാതി തള്ളി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരിക്കുകയാണ് മുകേഷ്. കേസെടുക്കും മുമ്പ് ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയത്. പരാതി ശരിയല്ല. നേരത്തെ നടിയെ അറിയാമായിരുന്നു. നടി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതിൻ്റെ വാട്സ്ആപ്പ് സന്ദേശത്തിൻ്റെ തെളിവുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ആരോപണത്തില്‍
ആദ്യം പ്രതികരിക്കുമെന്ന് അറിയിച്ചെങ്കിലും നിയമോപദേശത്തെ തുടർന്ന് മുകേഷ് ഇന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല. രാജിയിൽ സിപിഎം തീരുമാനമെടുക്കട്ടെയെന്ന് ഇതുവരെ പറഞ്ഞ പ്രതിപക്ഷ നേതാവ് നേതാവ് രാജിവെക്കുന്നതാണ് ഉചിതമെന്ന് ഇന്ന് പ്രതികരിച്ചു.