Asianet News MalayalamAsianet News Malayalam

എം ശിവശങ്കറിന് കുരുക്ക് മുറുകുന്നു; ഫ്ളാറ്റ് ബുക്ക് ചെയ്ത സംഭവം കസ്റ്റംസ് അന്വേഷിക്കുന്നു

സ്വർണക്കളളക്കടത്തിന്‍റെ  ഗൂഡാലോചനയിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് അറിവുണ്ടായിരുന്നോ  എന്ന അന്വേഷണത്തിനിടെയാണ് ചില നിർണായക വിവരങ്ങൾ കിട്ടിയത്. 

M Shivashankar flat controversy
Author
Thiruvananthapuram, First Published Jul 15, 2020, 1:57 PM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരായ കുരുക്ക് മുറുകുന്നു. പ്രതികൾ ഗൂഡാലോചന നടത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ളാറ്റ് ബുക്ക് ചെയ്ത സർക്കാർ ജീവനക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്തു. തന്‍റെ സുഹൃത്തുക്കൾക്ക് വേണ്ടിയെന്ന് പറഞ്ഞാണ് ശിവശങ്കര്‍ തന്നെക്കൊണ്ട് ഫ്ലാറ്റ് ബുക്ക് ചെയ്യിച്ചതെന്ന് അരുൺ എന്ന ജീവനക്കാരൻ മൊഴി നൽകി. ഇതിനിടെ കളളക്കടത്ത് കേസിൽ മൂന്നുപേരെക്കൂടി കസ്റ്റംസ് അറസ്റ്റുചെയ്തു.

സ്വർണക്കളളക്കടത്തിന്‍റെ  ഗൂഡാലോചനയിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് അറിവുണ്ടായിരുന്നോ എന്ന അന്വേഷണത്തിനിടെയാണ് ചില നിർണായക വിവരങ്ങൾ കിട്ടിയത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫെദർ ഹൈറ്റ് എന്ന അപ്പാർമെന്‍റ് സമുച്ചയത്തിൽ സ്വപ്നക്കും മറ്റുപ്രതികൾക്കുമായി  ഫ്ലാറ്റ് ബുക് ചെയ്തത് അരുൺ എന്ന ജീവനക്കാരനാണ്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ബുക് ചെയ്തതെന്നാണ് ഇയാളുടെ മൊഴി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിക്കുന്നെന്നാണ് തന്നോട് പറഞ്ഞെതെന്നാണ് ഫ്ലാറ്റിന്‍റെ കെയർ ടേക്കറും മൊഴി നൽകിയിരിക്കുന്നത്. 

എന്നാൽ അങ്ങനെ പറയാൻ താൻ പറഞ്ഞിട്ടില്ലെന്നും തന്‍റെ വ്യക്തിപരമായ കാര്യത്തിന് കീഴ് ജീവനക്കാരനെ പ്രയോജനപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ശിവശങ്കര്‍ കസ്റ്റംസിന് നൽകിയ മൊഴി. ശിവശങ്കറിന്‍റെ മൊഴി സംബന്ധിച്ച്  സ്വപ്നയോടും കൂട്ടുപ്രതികളോടും കൂടി ചോദിച്ചേശേഷമാകും കസ്റ്റംസിന്‍റെ തുടർ നടപടി. ഇതിന്‍റെ ഭാഗമായി സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ് നടപടി തുടങ്ങി. 

എൻഐഎയുടെ കസ്റ്റഡി കാലാവധി തീരുന്ന 21ന് ശേഷം ഇവരെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനിടെ കളളക്കടത്ത് ഇടപാടിൽ ഇടനിലക്കാരായ മൂന്നുപേരെക്കൂടി കസ്റ്റംസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദാ ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് പിടിയിലായത്. 

അറസ്റ്റിലായ ജലാൽ മൂവാറ്റുപുഴയിലെ ഒരു തടി വ്യാപാരിക്കായി ഹവാല ഇടപാട് നടത്തിയതിനെക്കുറിച്ചും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇറക്കുമതി ചെയ്ത തടിക്ക് പകരമായി 1 ലക്ഷം മാസ്ക് ഫിലീപ്പീൻസ് നാവിക കപ്പലിൽ കയറ്റി അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻ‍ഡ് ചെയ്തിരുന്നു. 
 

Follow Us:
Download App:
  • android
  • ios