Asianet News MalayalamAsianet News Malayalam

ശിവശങ്കരനെ അസ്ഥിരോഗ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചു, ചികിത്സയ്ക്ക് മെഡിക്കൽ ബോർഡും

ഇന്ന് രാവിലെ ആൻജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്

M Sivasankar admitted in ICU of Orthopedic department Thiruvananthapuram medical college
Author
Thiruvananthapuram, First Published Oct 17, 2020, 5:13 PM IST

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സർജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ അടങ്ങുന്നതാണ് മെഡിക്കൽ ബോർഡ്.

ഇന്ന് രാവിലെ ആൻജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്. ഇതിൽ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കരമനയിലെ പിആർഎസ് ആശുപത്രിയിൽ എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്.

ഇന്നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദഗ്ധ പരിശോധന ആവശ്യമാണെന്നും  മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ശേഷമാണ് ആശുപത്രി മാറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിന് സമീപത്തേക്ക് ആംബുലൻസ് എത്തിച്ചു. പിന്നീട് നടപടി ക്രമങ്ങൾ ബാക്കിയാണെന്ന് അറിയിച്ച് വാഹനം മാറ്റിയിട്ടു. തുടര്‍ന്ന് രണ്ടേകാലിന് ശേഷമാണ്  എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. 

Follow Us:
Download App:
  • android
  • ios