കൊച്ചി: എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ ജാമ്യാപേക്ഷയുമായി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്നാണ് ശിവശങ്കറിന്‍റെ വാദം. ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇഡിയുടെ പക്കല്‍ ഇല്ലെന്നും ഹര്‍ജിയില്‍ ശിവശങ്കര്‍ പറയുന്നു. 

കേസ് ഇപ്പോൾ പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ്   പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ബുധനാഴ്‍ച തള്ളിയത്. ലോക്കറിൽ കണ്ടെത്തിയ പണം സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണ്, ഈ ഘട്ടത്തിൽ ശിവശങ്കറിന് ജാമ്യം നൽകുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.