Asianet News MalayalamAsianet News Malayalam

എം ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി ഉച്ചയ്ക്ക്; ശിവശങ്കര്‍ കള്ളം പറയുകയാണെന്ന് ഇഡി

ശിവശങ്കര്‍ കള്ളം പറയുകയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇഡി ആരോപിക്കുന്നു. 

m sivasankar bail verdict today on ed case
Author
Kochi, First Published Nov 17, 2020, 12:52 PM IST

കൊച്ചി: എം ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉച്ചക്ക് മൂന്ന് മണിക്ക് മാറ്റിവെച്ചു. ശിവശങ്കര്‍ ഇന്നലെ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണിത്. ശിവശങ്കര്‍ കള്ളം പറയുകയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇഡി ആരോപിക്കുന്നു. ഇതിനിടെ ശിവശങ്കര്‍ ഇന്നലെ ജയിലില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വപ്നയേയും സരിതിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ കോടതി കസ്റ്റംസിന് അനുമതി നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് കോടതി തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഇന്നലെ ഉച്ചക്ക് ശിവശങ്കര്‍ കൂടുതല്‍ വാദങ്ങള്‍ രേഖാമൂലം കോടതിയെ അറിയിച്ചത്. കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ശിവശങ്കറിന്‍റെ പ്രധാന വാദം. എന്നാല്‍ വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ഉദ്ദേശ്യമാണെന്ന് ഇഡിയുടെ മറുപടിയില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശിവശങ്കറിന്‍റെ ശ്രമം. തുറന്ന കോടതിയില്‍ ഉന്നയിക്കാത്ത വാദങ്ങളാണ് എഴുതി നല്‍കിയിരിക്കുന്നത്. 

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്‍റെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്‍റെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ എന്തു കൊണ്ട് ഇക്കാര്യം തുറന്ന കോടതിയില്‍ ഉന്നയിച്ചില്ലെന്നും ഇഡി ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിധി പറയുന്നത് ഉച്ചക്ക് മൂന്ന് മണിക്ക് മാറ്റിവെച്ചത്. ഇതിനിടെ, സ്വപ്നയേയും സരിതിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സ്വര്‍ണക്കടത്തിലുള്ള പങ്ക് വ്യക്തമാകുന്നതിനായി ഇന്നലെ ശിവശങ്കറെ കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ചോദ്യം ചെയ്യണമെന്ന കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. 
 

Follow Us:
Download App:
  • android
  • ios