തിരുവനന്തപുരം: സൂപ്പർ സെക്രട്ടറി എന്ന വിളിപ്പേരിൽ അധികാരത്തിൻറെ ഉന്നതനിലയിൽ നിന്നാണ് രാജ്യം ചർച്ച ചെയ്യുന്ന കേസിലെ പ്രതിയായുള്ള എം ശിവശങ്കറിൻറെ വൻവീഴ്ച. പാർട്ടിയെക്കാളും കൂടെയുള്ള മന്ത്രിമാരെക്കാളും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു ശിവശങ്കർ.

സ്പ്രിംഗ്ളറിലെ അന്താരാഷ്ട്രാ കരാർ സ്വന്തം ബോധ്യത്തിൽ സർക്കാറിനായി ഒപ്പിടാൻ വരെയുണ്ടായിരുന്ന സ്വാതന്ത്രം. അത് തന്നെയാണ് പിണറായി ഭരണത്തിലെ എം ശിവങ്കറിൻറെ സ്വാധീനം. സ്പ്രിംഗ്ളറും സ്വർണ്ണക്കടത്തും ലൈഫും വരുന്നത് വരെ മികവിനൊപ്പം ചേർത്തുള്ളതായിരുന്നു ഈ ഉദ്യോഗസ്ഥൻറെ സർവ്വീസ് ലൈഫ്. 

എസ്എസ്എൽസിക്ക് രണ്ടാം റാങ്ക്, എഞ്ചിനീയറിംഗിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും മികച്ച മാർക്ക്. പഠന മികവുമായി റിസർവ്വ് ബാങ്കിൽ ഓഫീസർ ജോലി. റവന്യുവകുപ്പിൽ ഡെപ്യൂട്ടി കലക്ടറായിരിക്കെ 1995ൽ കൺഫേഡ് ഐഎഎസ് കിട്ടി. തുടക്കം മലപ്പുറം കലക്ടറായി. പിന്നെ ടൂറിസം ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, പിഡബ്ളുഡി -സ്പോർട്സ് സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ അടക്കം സുപ്രധാന പദവികളിലെല്ലാം ഇടത്-വലത് ഭരണങ്ങളിൽ കഴിവ് തെളിയിച്ചു. 

ശിവശങ്കറിനെ തൻ്റെ ഓഫീസിലെ നിർണ്ണായകസ്ഥാനത്തെത്തിക്കാനുള്ള പിണറായിയുടെ തീരുമാനത്തിൻ്റെ കാരണവും ഈ ട്രാക്ക് റെക്കോർഡ് തന്നെ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കൊപ്പം ഐടി സെക്രട്ടറി സ്ഥാനവും. സെക്രട്ടേറിയറ്റിൽ ശരിക്കും ചീഫ് സെക്രട്ടറിക്കും മുകളിലെ സൂപ്പർ സെക്രട്ടറി.

സഹപ്രവർത്തകരായ മന്ത്രിമാരെക്കാളും പാർട്ടിയെക്കാളും അരഡസനിലേറെയുള്ള ഉപദേശകരെക്കാളും പിണറായിക്ക് പ്രിയം ശിവശങ്കറിനെയായിരുന്നു. പ്രധാനഫയലുകളിലെല്ലാം തീരുമാനമെടുക്കും മുമ്പ് മുഖ്യമന്ത്രി തേടിയിരുന്നത് ശിവശങ്കറിൻ്റെ ഉപദേശമായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വാസം ഉറപ്പിച്ചതിനാൽ എല്ലാ വകുപ്പുകളിലും ശിവശങ്കര്‍ ഇഷ്ടം   പോലെ ഇടപെട്ടു. 

സ്പ്രിംഗ്ളർ മുതൽ ബെവ്കോ ആപ്പ് വരെ കത്തിപ്പടർന്ന വിവാദങ്ങളിലെല്ലാം കേന്ദ്രബിന്ദു ശിവശങ്കറായതിന് പിന്നാലെ ഉയര്‍ന്ന പ്രതിപക്ഷ വിമർശനങ്ങള്‍ക്കിടയിലും പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നുള്ള മുറുമുറുപ്പിലും ശിവശങ്കറിന് കവചം തീർത്തത് പിണറായി വിജയനായിരുന്നു. സ്വർണ്ണക്കടത്തിൽ ശിവശങ്കർ വഴി സംശയമുന തൻറെ ഓഫീസിലേക്ക് നീണ്ടപ്പോഴും മുഖ്യമന്ത്രി ആദ്യം ശിവശങ്കറിനെ കൈവിടാൻ മടിച്ചു. 

പ്രതികളുമായുള്ള വ്യക്തിബന്ധത്തിൻ്റെ പേരിൽ ഓഫീസിൽ നിന്നും മാറ്റുമ്പോഴും സസ്പെൻഡ് ചെയ്യാതെ ആദ്യം സംരക്ഷണം. തെളിവ് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് മുന്നിലേക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യലും ഫോൺവിളിയും അടക്കമുള്ള വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വന്നതോടെ മാത്രമായിരുന്നു ശിവശങ്കറിനെ സസ്പെൻഷന്‍ഡ് ചെയ്തത്. 

വിവാദശരങ്ങളിൽ സർക്കാർ ആടിയുലഞ്ഞപ്പോൾ പാർട്ടി സെക്രട്ടറിയും മന്ത്രിമാരും ശിവശങ്കറിനെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞു. അപ്പോഴും കടുപ്പിച്ച് പറയാൻ മുഖ്യമന്ത്രി മടിച്ചു. ഒടുവിൽ വിശ്വസ്തന് വിലങ്ങ് വീഴുമ്പോൾ പിണറായിക്കും ഏൽക്കുന്നത് വലിയ ആഘാതം.