Asianet News MalayalamAsianet News Malayalam

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു, ക്ലീൻ ചിറ്റില്ല; ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകി

ഇന്നലെയും 11 മണിക്കൂറുകളോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്ലിൽ സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്

M Sivasankar questioning to continue on tuesday
Author
Thiruvananthapuram, First Published Oct 10, 2020, 10:23 PM IST

കൊച്ചി: വിമാനത്താവള സ്വർണ്ണക്കളളക്കടത്തുകേസിലടക്കം ആരോപണം നേരിടുന്ന  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ തുടർച്ചയായ രണ്ടാം ദിവസവും 11 മണിക്കൂർ ചോദ്യം ചെയ്തശേഷം  കസ്റ്റംസ് വിട്ടയച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഉന്നത സ്വാധീന ശക്തികളിലേക്ക് നീങ്ങുകയാണ് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിച്ചുണ്ട്. . ഇതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ  കോഫേ പോസ കുറ്റം ചുമത്തി.

ആദ്യ ദിവസത്തെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു പിന്നാലെയാണ് ശിവശങ്കറെ ഇന്നും വിളിച്ചു വരുത്തിയത്. രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വരെ നീണ്ടു. യുഎഇ കോൺസുലേറ്റ് വഴിയെത്തിയ ഈന്തപ്പഴം അനുമതിയില്ലാതെ വിതരണം ചെയ്തതാണ് ഇന്നലെ ചോദിച്ചതെങ്കിൽ സ്വപ്നയ്ക്കായി ലോക്കർ എടുത്തു നൽകിയതും ഇരുവരും തമ്മിലുളള വാട്സ് ആപ് ടെലിഗ്രാം ചാറ്റുകളും സംബന്ധിച്ചാണ് ഇന്ന് വ്യക്തത തേടിയത്. 

ശിവശങ്കരന്റെ മൊഴിയെടുക്കൽ നടന്ന അതേ സമയത്ത് തന്നെ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കരൻ പറയുന്നത് ശരിയാണോ എന്നറിയുന്നതിനായിരുന്നു ഇത്. ഇതിനിടെ കസ്റ്റഡിയിലിരിക്കെ നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയെ കസ്റ്റംസ് ഹൈക്കോടതിയിൽ എതിർത്തു. സമൂഹത്തിൽ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെ കുറിച്ച് മൊഴിയിൽ പറയുന്നുണ്ടെന്നും അധികാര കേന്ദ്രങ്ങളിൽ അപാരമായ സ്വാധീനവും ബന്ധവുമുള്ള സ്വപ്നയ്ക്ക് മൊഴിപ്പകർപ്പ് നൽകിയാൽ അന്വേഷണം തടസപ്പെടുമെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.

ഇതിനിടെ സ്വപ്ന , സന്ദീപ് എന്നിവർക്കെതിരെ കസ്റ്റംസ് കോഫേപോസ കുറ്റം ചുമത്തി. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളെ വിചാരണ കൂടാതെ തടവിലാക്കുന്നതിനുളള നിയമമാണിത്. ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്. 

Follow Us:
Download App:
  • android
  • ios