Asianet News MalayalamAsianet News Malayalam

'സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്', തടസ ഹര്‍ജിയുമായി എം ശിവശങ്കര്‍

ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ശിവശങ്കർ ഹര്‍ജിയില്‍ പറയുന്നത്.

M  Sivasankar submitted petition that gold smuggling case should not be transferred outside Kerala
Author
Delhi, First Published Jul 23, 2022, 4:55 PM IST

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ശിവശങ്കർ ഹര്‍ജിയില്‍ പറയുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ്  59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹർജി രജിസ്റ്റർ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിന്‍റെ  വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്. 

സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡി പുതിയ നീക്കവുമായി രംഗത്തെത്തിയത്. നടപടികൾ  ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. "അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ  മൊഴി മാറ്റിക്കാൻ സമ്മർദമുണ്ട. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു.  ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു". കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സ്വാധീനം മൂലമാണെന്നും  ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി ഇഡി സംശയിക്കുന്നതായും  ഹർജിയിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിന്‍റെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇഡി ചർച്ച തുടരുന്നതിനിടെയാണ് ഹർജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്. 

Read Also : ഇഡി പിടിച്ചെടുത്തത് 20 കോടി, ബം​ഗാൾ മന്ത്രിയുടെ അടുത്ത സുഹൃത്ത്; ആരാണ് അർപ്പിത മുഖർജി


 

Follow Us:
Download App:
  • android
  • ios