കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ചെന്ന മൊഴി കേസ് രേഖകളിലില്ലെന്ന്  കോടതി. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമർശം. ജാമ്യപേക്ഷയെ എതിർത്ത് ഇ ഡി നൽകിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു.

സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും  ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ്  ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് കോടതി പറഞ്ഞു. ഇതു വരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.