വിവാദങ്ങളിൽ അക്കാദമി സെക്രട്ടറിയുടെ വിശദീകരണം; 'എം സ്വരാജ് സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിനായി പുസ്തകം അയച്ചു നൽകിയിട്ടില്ല'

തിരുവനന്തപുരം : സാഹിത്യ അക്കാദമി പുരസ്കാരം സിപിഎം നേതാവ് എം സ്വരാജ് നിരസിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിൽ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി. എം സ്വരാജ് സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് വേണ്ടി പുസ്തകം അയച്ചു നൽകിയിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി പി അബൂബക്കർ വിശദീകരിച്ചു. 16 വാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണം അവാർഡിനായി പുസ്തകം അയച്ചു തരാത്തവർക്കാണെന്ന് അക്കാദമി സെക്രട്ടറി സി പി അബൂബക്ക‍ര്‍ വിശദീകരിച്ചു. സ്വരാജിന്റെ പുസ്തകം അക്കാദമി ലൈബ്രറിയിലുണ്ടായിരുന്നതാണ്. അവാർഡ് നിരസിക്കാൻ എഴുത്തുകാരന് അവകാശവും ഉണ്ട്. സ്വരാജ് നിരസിച്ച പുരസ്കാരം ഇത്തവണ കൊടുക്കില്ല. രണ്ടാം സ്ഥാനക്കാരന് കൊടുക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പുരസ്കാരം നിഷേധിച്ച എം സ്വരാജിന് വേണ്ടി ആരാണ് പുസ്തകം അയച്ചതെന്നത് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കറിന്റെ ഫേസ്ബുക്കിലൂടെയുള്ള വിശദീകരണം. സ്വരാജിന്റെ പുസ്തകം പുരസ്കാര നിർണയ സമിതിയുടെ അടുത്ത് എങ്ങനെ എത്തിയെന്ന ചോദ്യത്തിന് അക്കാദമി ലൈബ്രറിയിൽ നിന്നാണെന്നായിരുന്നു അക്കാദമി സെക്രട്ടറി വിശദീകരിച്ചത്.

കേരള സാഹിത്യ അക്കാദമി അവാ‍‍‍ര്‍ഡ് 

2024 ലെ കേരള സാഹിത്യ അക്കാദമി കെ.വി രാമകൃഷ്ണനെയും ഏഴാച്ചേരി രാമചന്ദ്രനെയും കഴിഞ്ഞ വർഷത്തെ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തു. 50,000 രൂപയും രണ്ട് പവൻ്റെ സ്വർണ പതക്കവും പ്രശസ്‌തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മികച്ച ഉപന്യാസഗ്രന്ഥത്തിനുള്ള സി.ബി കുമാർ അവാർഡിന് സിപിഎം നേതാവ് എം.സ്വരാജ് അർഹനായി. എഴുത്തുകാരായ പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം.നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർക്കാണ് സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് സമഗ്ര സംഭാവനയ്ക്ക് പരിഗണിക്കപ്പെട്ടവർക്ക് ലഭിക്കുക. മികച്ച നോവലായി ജി.ആർ.ഇന്ദുഗോപന്റെ 'ആനോ' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കവിതാ ഗ്രന്ഥമായി അനിത തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പ്' എന്ന കൃതിയും മികച്ച ചെറുകഥയായി വി.ഷിനിലാലിന്റെ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര'യും തിരഞ്ഞെടുത്തു.

ശശിധരൻ നടുവിലിൻ്റെ പിത്തളശലഭത്തിനാണ് മികച്ച നാടകത്തിനുള്ള പുരസ്കാരം. ഇ.എൻ.ഷീജയുടെ അമ്മമണമുള്ള കനവുകൾ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടി. മികച്ച യാത്രാവിവരണത്തിനുള്ള പുരസ്കാരം കെ.ആർ.അജയന്. വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ ടി.എസ്.ശ്യാംകുമാറിന് എൻഡോവ്മെന്റ് വിഭാഗത്തിൽ ജി.എൻ.പിള്ള അവാർഡ് ലഭിച്ചു. ആരുടെ രാമൻ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതേ വിഭാഗത്തിൽ ഡോ.കെ.സി. സൗമ്യയും പുരസ്കാരത്തിന് അർഹയായി. 2024 ലെ വിലാസിനി പുരസ്കാരത്തിന് ആരും അർഹരായില്ല. മാന്ദണ്ഡങ്ങൾ അനുസരിച്ചുള്ള കൃതികൾ ലഭിക്കാത്തതാണ് കാരണം