കണ്ണൂർ: ഇരിട്ടിയിൽ വ്യാജരേഖ ചമച്ച് സിപിഎം നേതാവ് വാർധക്യ പെൻഷൻ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എം വി ജയരാജന്‍. തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്ന് ജയരാജന്‍ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോർട്ട് വന്നതിന് ശേഷം പാർട്ടി തുടർനടപടി സ്വീകരിക്കും. സിപിഐഎം മുൻ വിധിയോടെ ആരോപണത്തെ കാണുന്നില്ല. ബിജെപിയും കോൺഗ്രസും അപവാദ പ്രചാരണം നടത്തുകയാണെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി. 

തെറ്റുകാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഐഎം എന്നും ജയരാജന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള പ്രചരണമാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നിൽ  കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. 

ഇരിട്ടിയിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ചാണ് സിപിഎം നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തത്. പായം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്ന അശോകിനെതിരെയാണ് കേസെടുത്തത്. ധനാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്നയെ ബാങ്ക് സസ്പെന്‍റ് ചെയ്തെങ്കിലും കേസെടുക്കാൻ പൊലീസ് മടിക്കുകയാണ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.