സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് പാർട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.
കണ്ണൂർ: കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി കോൺഗ്രസില്‍ (Kannur Party Congress) പങ്കെടുക്കുമെന്ന് സിപിഎം. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് എം വി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം എതിർക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാർട്ടി കോൺഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്‍റെ ഓഫീസ് അറിയിക്കുന്നത്.
പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസി തീരുമാനപ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പ്രതികരിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കത്ത് പാർട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി. അതേസമയം, കെ സുധാകരൻ എം പിയെ സർക്കാരിന്റെ വാർഷികാഘോഷത്തിന് ക്ഷണിച്ചില്ലെന്ന ആക്ഷേപത്തില്‍ എം വി ജയരാജൻ വിശദീകരണം നല്‍കി. വിളിച്ചാലും വരില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ക്ഷണിക്കാതെയിരുന്നതെന്നായിരുന്നു വിശദീകരണം.
Also Read: വിവാദങ്ങളിൽ അതൃപ്തി പരസ്യമാക്കി തരൂർ: സെമിനാറിൽ പങ്കെടുക്കില്ലെന്ന് സിപിഎം നേതാക്കളെ അറിയിച്ചു
കേരള സിപിഎമ്മിന്റെ നയവ്യതിയാനങ്ങൾ ചർച്ചയാകുമോ? കണ്ണൂരിലെ പാർട്ടി കോണ്‍ഗ്രസ് നിർണായകം
പാർട്ടി കോണ്‍ഗ്രസിന് കണ്ണൂർ വേദിയാകുമ്പോൾ കേരളത്തിൽ പാർട്ടിയുടെ നയവ്യതിയാനങ്ങൾ മറ്റ് സംസ്ഥാനങ്ങൾ ഉയർത്തുമോ എന്നതാണ് ശ്രദ്ധേയം. സിൽവർ ലൈനിൽ സീതാറാം യെച്ചൂരി സർക്കാരിനെ തള്ളി പറയുന്നില്ലെങ്കിലും വികസനത്തിന് നിർബന്ധിത ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന പാർട്ടി നയമാണ് കേരളത്തിൽ അട്ടിമറിക്കപ്പെടുന്നത്. സിപിഎം ഭരിക്കുന്ന ഒരെയൊരു സംസ്ഥാനത്ത് ഇടതു ദേശീയ നയങ്ങൾ ഒന്നൊന്നായി ദുർബലപ്പെടുന്നു എന്ന വിമർശനവും ശക്തമാണ്.
സി പി എം ദില്ലിയിൽ ഒരു നയം പറയുന്നു.എന്നാൽ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നു.ഇന്ത്യയിലെ സിപിഎമ്മിന്‍റെ റിമോട്ട് കണ്‍ട്രോൾ പിണറായിയുടെ കയ്യിൽ. ആറ് വർഷമായി ഉയരുന്ന വിമർശനങ്ങൾ ഇങ്ങനെ നീളുന്നു. യുഎപിഎ അറസ്റ്റിനോടും, ഏറ്റുമുട്ടൽ കൊലപാതകങ്ങളോടും, ഭൂമി കുടിയൊഴിപ്പിക്കലിനെതിരെയും,വലത് വികസന പദ്ധതികളെയും ശക്തമായി ചെറുക്കുന്ന സമരസഖാക്കളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികളായി കണ്ണൂരിൽ എത്തുന്നത്.എന്നാൽ കേരളത്തിൽ പല വിഷയങ്ങളിൽ നടക്കുന്നത് വിപരീതമായ കാര്യങ്ങളും.ലോകായുക്ത ഭേദഗതിയിലും,യുഎപിഎ അറസ്റ്റിലും,മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ കാര്യത്തിലും എന്തിനേറെ മാധ്യമങ്ങളോടുള്ള സമീപനത്തിലും കേരളത്തിലെ സിപിഎം സമീപനം ദേശീയ നയങ്ങളുമായി ചേർന്ന് പോകുന്നതല്ല.വികസന പദ്ധതികൾക്കായി നിർബന്ധിത ഭൂമിയേറ്റെടുക്കൽ പാടില്ലെന്നതാണ് ഇടതു നയം.എന്നാൽ കെ റെയിലിൽ ഭൂമിയേറ്റെടുക്കൽ നടപടികളെ എതിർത്താൽ തല്ലുകിട്ടും എന്നതാണ് കേരളത്തിലെ നയം. അത് വേ ഇത് റേ ന്യായീകരണം പൊളിറ്റ് ബ്യൂറോ നേതാക്കൾ പറയുമ്പോൾ പ്രതിനിധികളായി എത്തുന്ന മറ്റ് സംസ്ഥാനക്കാർ അംഗീകരിക്കുമോ എന്നും കണ്ണൂരിൽ കണ്ടറിയണം.
കെ റെയിൽ ചർച്ചയാകുന്നത് തടയാൻ തുടക്കത്തിലെ പ്രമേയം കയ്യടിപ്പിച്ച് അംഗീകരിപ്പിച്ച നേതൃത്വത്തിന്‍റെ തന്ത്രം ഇതുവരെയുള്ള സമ്മേളനങ്ങളിൽ വിജയം കണ്ടിരുന്നു. എന്നാൽ പാർട്ടി കോണ്‍ഗ്രസിൽ ഇതിനുള്ള സാധ്യത കുറവാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം, വ്യവസായങ്ങൾക്ക് പ്രത്യേക ഇളവുകൾ തുടങ്ങിയ വിഷയങ്ങളിൽ വലത്തോട്ട് ചാഞ്ഞാണ് കേരളത്തിൽ സിപിഎമ്മിന്‍റെ പുതിയ നീക്കങ്ങൾ. ഈ വ്യതിയാനം തടഞ്ഞും തിരുത്തിയും ഇടത്തോട്ട് തിരികെയെത്തിക്കാൻ മാത്രം കരുത്ത് ഈ പാർട്ടികോണ്‍ഗ്രസിന് ഉണ്ടാകുമോ എന്നതും കണ്ണൂരിലെ ചോദ്യം.
