Asianet News MalayalamAsianet News Malayalam

എസ്ഡിപിഐ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി; നിരോധിക്കുകയല്ല, ഒറ്റപ്പെടുത്തുകയാണ് വേണ്ടത്: എംവി ജയരാജന്‍

പയ്യന്നൂരിലെ സിപിഎം ഫണ്ട് തിരിമറി ആരോപണം പൊലീസ് അന്വേഷിക്കേണ്ടതില്ലെന്ന് എം വി ജയരാജൻ. തിരിമറി നടന്നിട്ടില്ല എന്ന് പാർട്ടി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇനിയൊരു അന്വേഷണവും ചർച്ചയും ആവശ്യമില്ലെന്ന് എം വി ജയരാജൻ  പറഞ്ഞു.

M V Jayarajan says sdpi is terrorist recruiting agency
Author
First Published Sep 27, 2022, 4:32 PM IST

കണ്ണൂർ: തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് എസ്ഡിപിഐയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഇവരെ നിരോധിക്കുന്നത് ഒറ്റ മൂലിയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. കേരള പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻഐഎയ്ക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂരിലെ സിപിഎം ഫണ്ട് തിരിമറി ആരോപണം പൊലീസ് അന്വേഷിക്കേണ്ടതില്ലെന്നും എം വി ജയരാജൻ പറഞ്ഞു. തിരിമറി നടന്നിട്ടില്ല എന്ന് പാർട്ടി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇനിയൊരു അന്വേഷണവും ചർച്ചയും ആവശ്യമില്ലെന്ന് പറഞ്ഞ എം വി ജയരാജൻ, ഏരിയ സെക്രട്ടറി ആയിരുന്ന കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം നിർത്തിയതിന്റെ കാരണം അദ്ദേഹം തന്നെ വിശദീകരിക്കട്ടേ എന്നും പറഞ്ഞു.

പയ്യന്നൂരിൽ പാർട്ടി ഫണ്ടുകളിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന് തെളിവ് സഹിതമുള്ള പരാതിയാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയിരുന്നത്. ടി ഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാധൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി.  

2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ പണം തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ, ടി ഐ മധുസൂധനനെ പാർട്ടി തരംതാഴ്ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios