കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം സുരേഷ് ഗോപി തോൽക്കുമെന്ന് എം വി ജയരാജൻ

കണ്ണൂ‍ര്‍ : സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലതെന്ന് എം വി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം സുരേഷ് ഗോപി തോൽക്കും. തലശ്ശേരിയിൽ നേരത്തെ ഷംസീറിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം വി ജയരാജൻ പരിഹസിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ സുരേഷ് ​ഗോപി വെല്ലുവിളിച്ചിരുന്നു. 

സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രസംഗം

''ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാനിങ്ങോട്ട് എടുക്കുവാ. ഏത് ഗോവിന്ദന്‍ വന്നാലും. ഗോവിന്ദാ, തൃശൂര്‍ ഞാന്‍ ഹൃദയം കൊണ്ടാണ് ആവശ്യപ്പെടുന്നത്. തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം. നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് തന്നെ, കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടികണക്കിന് രൂപ നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള അന്തംകമ്മികള്‍, ചൊറിയന്‍ മാക്രികൂട്ടങ്ങള്‍ക്ക് വേണ്ടിയാണ്. വരൂ ട്രോള്‍ ചെയ്യൂ. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കും. കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം അവരുടെ അടിത്തറയിളക്കണം, അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.''