മന്ത്രിയുടെ വാഹനം ആക്രമിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും ഇതിന് പിന്നിൽ യൂത്ത് കോൺഗ്രസ് ആണോയെന്ന് അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ ആവശ്യപ്പെട്ടു. ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്ന മന്ത്രി സംഘപരിവാറിന് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂർ: മന്ത്രിയുടെ വാഹനം അക്രമിച്ചു വെന്നത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. നാടകം ഉണ്ടാക്കുകയാണെന്നും മന്ത്രിയുടെ വാഹനം പയ്യന്നൂരിലൂടെ കടന്നുപോയപ്പോൾ ഫ്ലാഗ് പോസ്റ്റ്‌ ഉണ്ടെന്നും പിന്നെങ്ങനെ ഡിവൈഎഫ്ഐ ഒടിച്ചു എന്ന് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. കല്ല് ഉപയോഗിച്ച് ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കാൻ വെല്ലുവിളിക്കുന്നു. പ്രതിഷേധം ഇനിയും തുടരും.

ബിജെപി സമരത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. മന്ത്രി സംഘപരിവാറിന് കീഴടങ്ങി. ജനാധിപത്യ സമരങ്ങൾ കൈയും കെട്ടി നടത്താൻ കഴിയില്ല. മന്ത്രിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നാണ് പറഞ്ഞതെന്നും പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വാഹനം ആരാണ് ആക്രമിച്ചതെന്ന് അന്വേഷിക്കണം. മാധ്യമങ്ങളിൽ ദൃശ്യങ്ങൾ അയച്ചു കൊടുത്തത് യൂത്ത് കോൺഗ്രസ് നേതാക്കളാണ്യ ഫ്ലാഗ് പോസ്റ്റ്‌ തകർത്തതിലും കല്ല് കൊണ്ട് ഇടിച്ചതിലും ഇവർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും വിജിൻ വ്യക്തമാക്കി.