Asianet News MalayalamAsianet News Malayalam

തരൂർ ഇനി എന്തു ചെയ്യും, അപമാനവും താങ്ങി കോൺ​ഗ്രസിൽ തന്നെ തുടരാനോ? എം എ ബേബി

കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോൺഗ്രസിൽ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാർഗെ ജയിച്ചതെന്ന് എല്ലാവർക്കും അറിയാമെന്ന് എം എ ബേബി പറഞ്ഞു.

ma baby congratulates sashi tharoor about congress president election
Author
First Published Oct 19, 2022, 6:57 PM IST

തിരുവനന്തപുരം: കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ വോട്ടിന്റെ പത്തുശതമാനം നേടിയ ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം നേതാവ് എം എ ബേബി. കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോൺഗ്രസിൽ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാർഗെ ജയിച്ചതെന്ന് എല്ലാവർക്കും അറിയാമെന്ന് എം എ ബേബി പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തൻറെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ എന്നും എം എ ബേബി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..
 
ശശി തരൂർ ഇനി എന്തു ചെയ്യും?

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ പോൾ ചെയ്ത വോട്ടിൻറെ പത്തുശതമാനം നേടി അഭിമാനം സംരക്ഷിച്ച ശശി തരൂരിന് എൻറെ അഭിനന്ദനങ്ങൾ.

ജനാധിപത്യപരവും സ്വതന്ത്രവുമായിരിക്കും തെരഞ്ഞെടുപ്പ് എന്ന് കോൺഗ്രസിലെ എല്ലാവരും ആവർത്തിച്ചെങ്കിലും അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ എന്നത് വ്യക്തമാണ്. മല്ലികാർജുൻ ഖാർഗെ സോണിയ - രാഹുൽ - പ്രിയങ്കമാരുടെ സ്ഥാനാർത്ഥി ആയിരുന്നു എന്നത് സുവ്യക്തമായിരുന്നു. കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോൺഗ്രസിൽ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാർഗെ ജയിച്ചതെന്നും എല്ലാവർക്കും അറിയാം. ആരെ നിറുത്തിയാലും തങ്ങൾ പറയുന്നവരെ കോൺഗ്രസുകാർ ജയിപ്പിക്കും എന്ന് സോണിയ കുടുംബം കോൺഗ്രസുകാർക്കു തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലൂടെ. അന്താരാഷ്ട്ര  നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല. 1950 ലെ തെരഞ്ഞെടുപ്പിൽ നെഹ്രുവിൻറെ സ്ഥാനാർത്ഥി ആയിരുന്നിട്ടും ആചാര്യ കൃപലാനി ഹിന്ദുത്വ പക്ഷപാതിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. കൃപലാനി ക്രമേണ കോൺഗ്രസ് വിട്ടു. സീതാറാം കേസരിയോട് പരാജയപ്പെട്ട ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർടി ഉണ്ടാക്കി. സോണിയ ഗാന്ധിയോട് പരാജയപ്പെട്ട ജിതേന്ദ്ര പ്രസാദ രാഷ്ട്രീയമായി ഒതുക്കപ്പെട്ടു. മകൻ ജതിൻ പ്രസാദ ബിജെപിയിൽ ചേർന്ന് ഇന്ന് മന്ത്രി ആണ്.
രാഹുൽ ഗാന്ധിയുടെ ഇഷ്ട നേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവർക്കും അറിയാം. കേരളത്തിലെ കോൺഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചു വയ്ക്കാറില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തു തന്നെ എ കെ ആൻറണി, രമേശ് ചെന്നിത്തല, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു. സോണിയ കുടുംബത്തോട് പൂർണ വിധേയത്വമില്ലാത്ത ആർക്കും കോൺഗ്രസിൽ അധികനാൾ തുടരാനാവില്ല എന്നത് ചരിത്രമാണ്.

ശശി തരൂർ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ? അതോ കോൺഗ്രസിൽ നിന്ന് പുറത്തുവരാനാണെങ്കിൽ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീർക്കാൻ മാത്രമാണോ ഉദ്ദേശം. കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തൻറെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ?  സംഘപരിവാറിൻറെ അർദ്ധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോ?

Read Also: 'ശരിക്കും വിശ്വ പൗരനായി തരൂർ'; തോൽവിയിലും സ്വന്തമാക്കിയത് നേട്ടം, ആശങ്കയോടെ കേരളത്തിലെ നേതാക്കൾ

 

 
 

Follow Us:
Download App:
  • android
  • ios