ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഹർജി നൽകിയത്. തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പൊതുതാത്പര്യ ഹർജി ആയി എങ്ങനെ പരിഗണിക്കും എന്ന് കോടതി ചോദിച്ചു.

ഈ വർഷം താനടക്കം 15 പേർക്ക് പ്രവേശനം നിഷേധിച്ചതായി ട്രാൻസ്ജെൻഡറായ അനുശ്രീ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹർജി മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെയാണ് നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യക്തിപരമായി ബാധിച്ചുവെന്ന വാദത്തോടെ പൊതുതാൽപര്യ ഹർജിയല്ലാതാകുമെന്നും പറഞ്ഞു.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഹൈക്കോടതിക്ക് മാത്രമേ ഈ വിഷയം പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്ന് നിരീക്ഷിച്ച കോടതി, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാൾ ഇതിനോടകം കേരള ഹൈക്കോടതിയെ സമീപിക്കുകയും കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ടെന്നും കേസ് നിലവിൽ പരിഗണനയിലുമാണെന്നും അറിയിച്ചു. ഇതോടെ ഹർജി പിൻവലിക്കുകയും കേസ് തള്ളുകയും ചെയ്തു.