പോക്സോ കോടതി ജഡ്ജിക്ക് നിർബന്ധിത നിയമ പരിശീലനം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്നാട് ദിണ്ടിഗൽ കോടതിയിലെ ജഡ്ജിയെ നിയമ പരിശീലനത്തിനായി സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിലേക്ക് അയക്കാൻ രജിസ്ട്രിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നൽകി

ചെന്നൈ: പോക്സോ കോടതി ജഡ്ജിക്ക് നിർബന്ധിത നിയമ പരിശീലനം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്നാട് ദിണ്ടിഗൽ കോടതിയിലെ ജഡ്ജിയെ നിയമ പരിശീലനത്തിനായി സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിലേക്ക് അയക്കാൻ രജിസ്ട്രിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നൽകി. ജഡ്ജി നിയമത്തിലെ അടിസ്ഥാന തത്വങ്ങൾ പഠിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ദിണ്ടിഗൽ സ്വദേശിയായ യുവാവിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് നിർദേശം. 2022 മെയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ ആണ് ഉത്തരവ്. ഒക്ടോബറിൽ പെൺകുട്ടി തിരിച്ചെത്തിയശേഷം നാട്ടുകാരനായ യുവാവിനൊപ്പം തിരുപ്പൂരിൽ താമസിച്ചെന്നും യുവാവ് താലി കെട്ടിയെന്നും 164 പ്രകാരം മൊഴി നൽകിയിരുന്നു.

എന്നാൽ, പെണ്‍കുട്ടിയെ പിതാവ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് ദിണ്ടിഗൽ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കൽ പരിശോധന നടത്തുകയും കോടതിയിൽ എത്തിച്ച് സെക്ഷൻ 164 പ്രകാരം പിതാവ് പറഞ്ഞതനുസരിച്ചുള്ള മൊഴിയും പെണ്‍കുട്ടി നൽകുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിനെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് പ്രതിചേര്‍ത്തത്. എന്നാൽ,വിചാരണയ്ക്കിടെ പെൺകുട്ടി യുവാവിനെ അറിയില്ലെന്നും ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്നും 164 പ്രകാരം മൊഴി നൽകിയത് അച്ഛന്‍റെ നിർബന്ധപ്രകാരം ആണെന്നും പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്നാൽ, ആദ്യം നൽകിയ മൊഴിയുടെയും ഡോക്ടറുടെ റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിൽ പോക്സോ കോടതി യുവാവിനെ ശിക്ഷിക്കുകയായിരുന്നു. വെറും മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശിക്ഷ വിധിച്ചതെന്നും നിയമപരമായ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എഡി ജഗദീഷ് ചന്ദ്ര, ജസ്റ്റിസ് ആര്‍ പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.