Asianet News MalayalamAsianet News Malayalam

മലയാറ്റൂർ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്

അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പുത്തേൻ ദേവസിക്കുട്ടി മകൻ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.

magisterial inquiry in malayattoor blast case
Author
Kochi, First Published Sep 21, 2020, 7:46 PM IST

കൊച്ചി: മലയാറ്റൂർ ഇല്ലിത്തോട് തിങ്കളാഴ്ച പുലർച്ചെ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അതിഥി തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കും. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എക്സ്പ്ളോസീവ്സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോർട്ട് കൊച്ചി സബ് കലക്ടർ ഡോ.ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപം സ്ഥാപിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. 

അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പുത്തേൻ ദേവസിക്കുട്ടി മകൻ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മഴയെത്തുടർന്ന് താലൂക്ക് ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. 

ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios