തൃശ്ശൂർ കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികൾ മരിച്ച അപകടത്തിൽ ലോറി ഡ്രൈവർ അറസ്റ്റിലായി. ദേശീയപാതയിൽ അനധികൃതമായി ലോറി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂചനാബോർഡുകളുടെ അഭാവവും അപകടത്തിന് കാരണമായതായി വിലയിരുത്തുന്നു.
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെ സ്വദേശി ദുക്കാറാം കാംബ്ലെയാണ് പിടിയിലായത്. കയ്പ്പമംഗലം മൂന്നുപീടികയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. വാഹനം ദേശീയപാതയിൽ അനധികൃത പാർക്ക് ചെയ്‌തതാണ് എട്ട് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വഴിയിൽ മതിയായ സൂചനാബോർഡുകൾ ഇല്ലാതിരുന്നതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം രാത്രി 11.42നായിരുന്നു അപകടം. കയ്പ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ മേൽപ്പാലം കടന്നെത്തിയ കാറ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. ദിണ്ടിഗൽ പിഎസ്എന്‍എ എഞ്ചിനിയറിങ് കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. പാലം ഇറങ്ങി സർവീസ് റോഡ് വഴിയാണ് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ഇവിടെ സർവീസ് റോഡിലേക്ക് നയിക്കുന്ന ഡിവൈഡറുകൾ ഉണ്ടായിരുന്നില്ല. ഡൈവർഷൻ സൂചിപ്പിക്കുന്ന സൂചന ബോർഡുകളും സ്ഥാപിച്ചിരുന്നില്ല. ഇതാണ് കാർ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്ന പാതയിലേക്ക് വേഗതയിൽ പ്രവേശിച്ച് അപകടത്തിനിടയാക്കിയത് എന്നാണ് ആക്ഷേപം. അതേസമയം വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിൻ്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് ദേശീയപാത അതോറിറ്റി കുറ്റപ്പെടുത്തുന്നത്. അനധികൃതമായി ലോറി വഴിയിൽ നിർത്തിയിട്ടതും അപകടത്തിന് കാരണമായതായി എൻഎച്ച്എഐ ചൂണ്ടിക്കാട്ടുന്നു.


