Asianet News MalayalamAsianet News Malayalam

കേന്ദ്രത്തേക്കാൾ ഒരുപടി മുന്നിൽ തന്നെ! കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി, തൊഴിലുറപ്പിലെ 'കേരള മോഡൽ'

തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Mahatma Gandhi National Rural Employment Kerala has become an example for the entire country stats here btb
Author
First Published Jul 5, 2023, 9:11 PM IST

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്ക് തൊഴിൽ അനുവദിക്കാൻ സാധിക്കുകയും അതിൽ 15,51,272 കുടുംബങ്ങൾ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴിൽ ദിനങ്ങൾ സ്ത്രീകൾക്ക് നൽകാനും സാധിച്ചു. ആകെ സൃഷ്ടിക്കാൻ സാധിച്ച തൊഴിൽ ദിനങ്ങളുടെ 89.82 ശതമാനമാണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.

സോഷ്യല്‍ ഓഡിറ്റിംഗ് വഴി ദാരിദ്ര്യനിര്‍മ്മാര്‍ജനവും സാമ്പത്തികസുസ്ഥിരതയും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കാൻ സാധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കാൻ ഇത് വഴി കഴിയും. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഓരോ പഞ്ചായത്തിലെയും ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്.

ഇതുവഴി തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സർക്കാരിന്റെ വികസനപരിപാടികളുടെ നടത്തിപ്പിന് മുകളിലുള്ള നിരന്തരമായ പൊതുപരിശോധന ഏതൊരു പ്രബുദ്ധസമൂഹത്തിന്റെയും അവകാശമാണ്. ഉന്നത ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ വികസനശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

'മലയാളികളായ പ്രവാസികൾക്ക് ഇത് കനത്ത ആഘാതം'; ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

Follow Us:
Download App:
  • android
  • ios