മാഹിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച കേസിൽ മാഹി സ്വദേശിയായ എൻ ആയിഷയെ മാഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ശ്രീലക്ഷ്‌മി ജ്വല്ലറിയിൽ അഞ്ച് ദിവസം മുൻപ് നടന്ന മോഷണ കേസിലാണ് ആയിഷയെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്

മാഹി: ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ ആയിഷ(41)യാണ് മാഹി പോലീസിൻ്റെ പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി 3ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല ജീവനക്കാരനെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മോഷ്‌ടിച്ച മാല വിറ്റുവെന്ന് മൊഴി

ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാർട്ടേർസിൽ നിന്നും യുവതിയെ പിടികൂടിയത്. എന്നാൽ ഇവരുടെ കൈയ്യിൽ മോഷ്‌ടിച്ച സ്വർണമാല ഉണ്ടായിരുന്നില്ല. ഈ മാല മാഹിയിലെ തന്നെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റുവെന്നാണ് ആയിഷ മൊഴി നൽകിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി ഈ മോഷണ സ്വർണം പൊലീസ് കണ്ടെടുത്തു.

മാഹി സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ജയശങ്കർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വളവിൽ സുരേഷ് എ.എസ്.ഐ സി.വി ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.