ഭർതൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്.

പത്തനംതിട്ട: ഇരയെ ആക്ഷേപിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ബിനു ഇരയെ അധിക്ഷേപിച്ചത്. ഇരയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്. ഭർതൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി അധിക്ഷേപ പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇവരുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്. രാഹുലിൻ്റെ ജില്ലക്കാരിയായ ബിന്ദു ബിനു സജീവമായി നിൽക്കുന്ന പ്രവർത്തകയാണ്. അതേസമയം, രാഹുലിനെതിരെ നേരത്തെ ആരോപണമുയർന്നപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ എതിർത്തും അനുകൂലിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം, ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം കൊടുത്ത മൊഴിയിൽ പറയുന്നു. രാഹുലിൻറെ ജാമ്യ ഹ‍ർജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിർണായക മൊഴി.

രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് 5 മാസത്തിന് ശേഷമാണെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. വിവാഹിതയ്ക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നൽകും എന്ന രാഹുലിന്റെ വാദത്തിന് എതിരെയാണ് ഈ മൊഴി. ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ വിവരങ്ങൾ. അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുമുണ്ട്. ഭർത്താവിൻ്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളർന്നതും പിന്നീട് ലൈംഗികബന്ധത്തിൽ എത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ അന്വേഷണ സംഘം ഇന്ന് യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കും. ഡോക്ടറുടെ മൊഴി കേസിൽ നിർണ്ണായകമാകും. അതേസമയം നേരത്തെ സംസ്ഥാനം വിട്ടെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ. പാലക്കാട് ജില്ല വിട്ടാൽ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. എംഎൽഎയുടെ ഓദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ട്. മറ്റൊരു വാഹനത്തിലാണ് രാഹുൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്. രാഹുലിൻറെ ഡ്രൈവറും പേഴ്സണൽ അസി. ഫസലും പാലക്കാടുണ്ട്. ഫസലിൻറെ ഫോൺ വ്യാഴാഴ്ച വൈകീട്ട് മുതൽ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ രാവിലെ മുതൽ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിലുണ്ട്. 

YouTube video player