പാലക്കാട്ടെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ ചേർന്നു. തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു

പാലക്കാട്: പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ. മഹിളാ കോൺഗ്രസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നത്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരിൽ തന്നെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരിൽ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോൺഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം. വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കോൺഗ്രസിൽ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി ദാസ് പറഞ്ഞു.

തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചതെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവർ അധിക്ഷേപിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങൾ തിരിച്ചടി നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഷൊർണൂരിൽ ബിജെപി സംഘടിപ്പിച്ച കുടുംബ യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.