നീറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ പരിശോധന പീഡനം മുൻപും നടന്നിട്ടുണ്ട്. സ്വകാര്യ ഏജൻസിയാണ് വിദ്യാർത്ഥിനികളെ പരിശോധിച്ചത്.

ദില്ലി : നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ എം പി. ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന് ജെബി മേത്തർ കത്ത് നൽകി. കൊല്ലം ജില്ലയിലെ പരീക്ഷ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനികളാണ് മാനസിക പീഡനം അനുഭവിക്കേണ്ടി വന്നത്.

നീറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ പരിശോധന പീഡനം മുൻപും നടന്നിട്ടുണ്ട്. സ്വകാര്യ ഏജൻസിയാണ് വിദ്യാർത്ഥിനികളെ പരിശോധിച്ചത്. പരിശോധന കുട്ടികളിൽ മാനസിക ആഘാതവും നാണക്കേടും ഉണ്ടാക്കി. ക്രിമിനലുകളെപ്പോലെയാണ് പരീക്ഷാർത്ഥികളെ കണ്ടത്. മനുഷ്യാവകാശലംഘനവും സ്ത്രീ വിരുദ്ധ പ്രവർത്തിയുമാണ് നടന്നത്. സ്ത്രീത്വം സംരക്ഷിച്ചുള്ള വിദ്യാർത്ഥി സൗഹൃദ പരിശോധന രീതി നീറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ നടപ്പിലാക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസെടുത്തു. പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

Read More: തങ്ങളുടെ ജീവനക്കാർ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ല: നീറ്റ് പരീക്ഷാ ചുമതലയുണ്ടായിരുന്ന ഏജൻസി

അതേസമയം, സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുന്നു. എന്നാല്‍, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ - ഓർഡിനേറ്റർ അറിയിച്ചു.

Read More : NEET: 'കുറ്റം ഏജന്‍സിയുടേത്'; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ എതിര്‍വാദവുമായി കോളേജ്

ഈ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിർപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)യുടെ വിശദീകരണം. എന്നാൽ ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻടിഎ പ്രതികരിച്ചു.

വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍‍ഡ് ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് നൂറോളം വരുന്ന വിദ്യാർത്ഥിനികൾ കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് ഇരകളായിരിക്കുന്നത്. പരീക്ഷയുടെ സുരക്ഷാ കാരണങ്ങൾ ഉയർത്തിക്കാട്ടി നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള വാർത്തകൾ മുൻ വർഷങ്ങളിലും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന അധികൃതർ തിരുത്തലുകൾക്ക് തയ്യാറാവുന്നില്ല എന്നാണ് കൊല്ലത്തെ സംഭവം സൂചിപ്പിക്കുന്നതെന്ന് എസ്എഫ്ഐ ഭാരവാഹികള്‍ ആരോപിച്ചു.