Asianet News MalayalamAsianet News Malayalam

KSEB : മൂലമറ്റം ജനറേറ്ററുകളുടെ അറ്റകുറ്റപണി പുനരാരംഭിച്ചു; 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുക ലക്ഷ്യം

സാധാരണ ഗതിയിൽ ഒരു മാസമാണ് ഒരു ജനറേറ്ററിന്‍റെ പണികൾക്ക് വേണ്ടത്. ഇത് 22 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് കെഎസ്ഇബി നിർദ്ദേശം നൽകിയിരിക്കുന്നത്. 

Maintenance of  generators in Moolamattom power plant
Author
Idukki, First Published Dec 5, 2021, 3:24 PM IST

ഇടുക്കി: ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം (moolamattom)  ഭൂഗര്‍ഭ വൈദ്യുത നിലയത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപണി പുനരാരംഭിച്ചു. 90 ദിവസം കൊണ്ട് പണികൾ പൂർത്തിയാക്കാനാണ് കെഎസ്ഇബി (kseb) ലക്ഷ്യമിട്ടിരിക്കുന്നത്. 180 മെഗാവാട്ടിന്‍റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതിൽ ആറാം നമ്പർ ജനറേറ്ററിന്‍റെ വാര്‍ഷിക അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ജനറേറ്ററുകളുടെ പണികൾ നേരത്തെ കഴിഞ്ഞിരുന്നു. മൂന്നെണ്ണം കൂടി അറ്റകുറ്റപ്പണി നടത്താനുണ്ട്. സാധാരണ ഗതിയിൽ ഒരു മാസമാണ് ഒരു ജനറേറ്ററിന്‍റെ പണികൾക്ക് വേണ്ടത്. ഇത് 22 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് കെഎസ്ഇബി നിർദ്ദേശം നൽകിയിരിക്കുന്നത്. 

വേനല്‍ തുടങ്ങുന്നതിനു മുമ്പ് എല്ലാ ജനറേറ്ററും പൂര്‍ണ്ണതോതിൽ ഉത്പാദനം നടത്താനാണിത്. തുടര്‍ച്ചയായി 1000 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെങ്കിലും പലതരത്തിലുള്ള തകരാറുകള്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. മഴക്കാലം തുടങ്ങുമ്പോഴായിരുന്നു മുമ്പ് അറ്റകുറ്റപണി നടത്തിയിരുന്നത്. കാലാവസ്ഥ മാറിയതോടെ 2018 മുതൽ ഇത് താളം തെറ്റി. ഇതിനിടെ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ ഉൽപ്പാദനമാണ് നവംബറിൽ നടന്നത്. 501 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. 

ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞമാസം എല്ലാ ജനറേറ്ററുകളും പൂര്‍ണ്ണതോതിൽ പ്രവർത്തിപ്പിച്ചു. ഒരു ജനറേറ്ററിന് ഇടയ്ക്ക് തകരാര്‍ വന്നില്ലായിരുന്നെങ്കില്‍ ഉത്പാദനം ഇതിലും കൂടിയേനേ. സാധാരണ വേനല്‍ക്കാലത്ത് മാത്രമാണ് ഉത്പാദനം പരമവാധി എത്തുക. അതും 450 ദശലക്ഷം യൂണിറ്റ്. ഒക്ടോബറില്‍ 389 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം. വർഷം തോറും 2500 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാവുന്ന തരത്തിലാണ് ഇടുക്കി പദ്ധതി ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തവണ അത് 3600 ദശലക്ഷം യൂണിറ്റിലേക്ക് എത്തുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. സംസ്ഥാനത്തെ മൊത്തം ഉൽപ്പാദനത്തിന്‍റെ പകുതി ഇടുക്കിയുടെ മാത്രം സംഭാവനയാണ്.

Follow Us:
Download App:
  • android
  • ios