മുജാഹിദ് വിസ്ഡം വിഭാഗത്തിന് കീഴിലുള്ള കേരളത്തിലെ ഒരു പള്ളിയും തുറക്കില്ല. നഗരപ്രദേശങ്ങളിലെ പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് എപി സുന്നിവിഭാഗം.

കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പല മുസ്ലീം സമുദായ സംഘടനകളും പിന്മാറുന്നു. ചില സംഘടനകള്‍ നഗരത്തിലെ പള്ളികള്‍ മാത്രം അടച്ചിടാൻ തീരുമാനിച്ചപ്പോള്‍ മറ്റുചിലര്‍ മുഴുവന്‍ മസ്ജിദുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ്.

കോഴിക്കോട് കുറ്റിച്ചിറയിലെ പ്രശസ്തമായ മിഷ്ക്കാല്‍ പള്ളിക്ക് ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊവിഡ് വ്യാപന കാലത്ത് പള്ളി തുറക്കേണ്ടെന്നാണ് ഭാരവാഹികളുടെ തീരുമാനം. മിഷ്ക്കാല്‍ പള്ളിമാത്രമല്ല, കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് മഹല്ല് കമ്മിറ്റികള്‍. 

കേരളത്തിലെ പ്രധാന നഗരങ്ങളിലെ മസ്ജിദുകള്‍ മിക്കതും അടഞ്ഞ് കിടക്കും. മുജാഹിദ് വിസ്ഡം വിഭാഗത്തിന് കീഴിലുള്ള കേരളത്തിലെ ഒരു പള്ളിയും തുറക്കില്ല. നഗരപ്രദേശങ്ങളിലെ പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് എപി സുന്നിവിഭാഗം. ഇതോടെ എപി വിഭാഗത്തിന്‍റെ പകുതിയോളം പള്ളികള്‍ സംസ്ഥാനത്ത് അടഞ്ഞ് കിടക്കും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത പള്ളികള്‍ യാതൊരു കാരണവശാലും തുറക്കരുതെന്ന നിലപാടിലാണ് ജമാഅത്തെ ഇസ്ലാമി. മുജാഹിദ് കെ.എന്‍.എം വിഭാഗവും ഇതേ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍ നഗരങ്ങളിലെ കെ.എന്‍.എം പള്ളികള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സമസ്ത ഇ.കെ വിഭാഗം പള്ളികള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മാര്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാവും പ്രവര്‍ത്തനം. പള്ളികള്‍ തുറക്കാനാണ് മുജാഹിദ്-സുന്നി സംസ്ഥാന നേതൃത്വം തീരുമാനിച്ചെങ്കിലും പലസ്ഥലങ്ങളിലും പ്രാദേശിക കമ്മിറ്റികള്‍ പള്ളികള്‍ തുറക്കരുതെന്ന തീരുമാനത്തിലാണ്.