പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് നടത്തിയ വൻ അഴിച്ചുപണിയിൽ മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു. റവന്യു, വ്യവസായ മന്ത്രിമാരെ അറിയിക്കാതെ കളക്ടർമാരെയും വകുപ്പ് ഡയറക്ടറെയും മാറ്റിയ ചീഫ് സെക്രട്ടറിയുടെ നടപടിയാണ് അതൃപ്തിക്ക് കാരണം.
തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയ ചീഫ് സെക്രട്ടറിയുടെ ഈ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിമാർ. കളക്ടർമാരുടെ മാറ്റം റവന്യു മന്ത്രി അറിയാതെയാണ് നടന്നത്. കൂടാതെ വ്യവസായ വകുപ്പ് ഡയറക്ടറെ വെച്ചതും വ്യവസായ മന്ത്രി അറിയാതെയാണ്. ഈ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.

സംസ്ഥാന ഭരണതലപ്പത്ത് വലിയ മാറ്റങ്ങളാണ് പുതിയ ഉത്തരവിലൂടെ വന്നിരിക്കുന്നത്. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പി.ബി. നൂഹിനെയാണ് ജിഎസ്ടി കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. കെ. ഇമ്പശേഖറാണ് പുതിയ വാട്ടർ അതോറിറ്റി എംഡി. കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെയാണ് വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഈ നിയമനത്തിലാണ് വ്യവസായ മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്. സ്നേഹിൽ കുമാർ സിങിനെ പുതിയ എൻട്രൻസ് കമ്മീഷണറായി നിയമിച്ചു. അതേസമയം, രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. പുതിയ സർക്കാർ വന്നതിന് പിന്നാലെ ഭരണസിരാകേന്ദ്രത്തിൽ ഉണ്ടായ ഈ അടിയന്തര അഴിച്ചുപണിയും അതിനെച്ചൊല്ലി ചീഫ് സെക്രട്ടറിക്കെതിരെ മന്ത്രിമാർക്കിടയിൽ ഉയർന്ന അതൃപ്തിയും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.


