പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഡിസംബര്‍ മുപ്പതിന് തുറക്കും. കൊവിഡ് പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഫലം വേഗത്തില്‍ കിട്ടാന്‍ മറ്റ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനാഫലമാണ് ഹൈക്കോടതിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരുന്നത്.

മകരവിളക്ക് ഉത്സവകാലത്ത് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടാടകര്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നായിരുന്നു ഹൈക്കോടതിയുടെയും ആരോഗ്യവകുപ്പിന്‍റെയും നിര്‍ദ്ദേശം. നിലക്കലില്‍ ആര്‍ടിപിസിആ‍ർ പരിശോധനാ സംവിധാനം ഇല്ലാത്തതിനാലും കാലതാമസവും കണക്കിലെടുത്തും ആര്‍ടി ലാമ്പ് എക്സ്പ്രസ്സ് നാറ്റ് എന്നി കൊവിഡ് പരിശോധന സംവിധാനങ്ങളെ കുറിച്ചാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ആലോചിക്കുന്നത്. 

ലാബുകളുമായി ദേവസ്വം ബോര്‍ഡ് അധികൃതരുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. സന്നിധാനത്ത് ജോലിക്ക് എത്തുന്ന ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിടുണ്ട്.

ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെ 390 പേര്‍ക്കാണ് മണ്ഡലകാലത്ത് കൊവിഡ് സ്ഥിരികരിച്ചത്. ഇതില്‍ 289 പേര്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. കൊവിഡ് പരിശോധനയില്‍ ഫലം പോസ്റ്റീവ് ആയ 96 അയ്യപ്പ ഭക്തരെ തിരിച്ചയച്ചു. മകരവിളക്ക് സമയത്ത് തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി അയ്യായിരമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല.