ഒന്നും നടക്കില്ലെങ്കിൽ റോഡ് പഴയതുപോലെയെങ്കിലും ആക്കണം; യാത്രക്കാരെ ദുരിതത്തിലാഴ്ത്തി റെയിൽവേ അടിപ്പാത നിർമാണം
നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായിരിക്കുകയാണ്.
മലപ്പുറം: റെയിൽവേ അടിപ്പാത നിർമാണം അനിശ്ചിതമായി നീളുന്നത് നിലമ്പൂരിൽ ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ആറ് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ അടിപ്പാത നിർമ്മാണത്തിൽ നാല് മാസമായിട്ടും ഒരു പുരോഗതിയുമില്ല.
ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ഉപയോഗിച്ചിരുന്ന തൃശ്ശൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിന്ന് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈൻ മാറ്റുന്ന കാര്യത്തിലെ അവ്യക്തതയാണ് പണി ഇങ്ങനെ നീളാൻ കാരണമായത്. ഇതോടെ നിലമ്പൂരില്‍ നിന്ന് പൂക്കോട്ടും പാടം, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ദുരിതയാത്രയായി.
പണി എന്ന് പൂർത്തിയാക്കും എന്നതിൽ അധികൃതർക്ക് കൃത്യമായ മറുപടിയില്ല. ബദൽ റോഡ് ആണെങ്കിൽ സഞ്ചാര യോഗ്യവുമല്ല. ദിവസേന 20 തവണ നിലമ്പൂരില്‍ റെയിൽവേ ഗേറ്റ് അടക്കുന്നത് യാത്രാ ദുരിതം ഉണ്ടാക്കിയപ്പോഴാണ് ബദൽ മാർഗ്ഗമായി അടിപ്പത നിര്‍മ്മിക്കാൻ റെയിൽവേ തീരുമാനിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയ ഇടത്തുതന്നെ നിലച്ചതോടെ ജനങ്ങളുടെ യാത്ര ദുരിതം ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്.
മഴ സമയത്ത് റോഡേത് ചെളിക്കുണ്ട് ഏതെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. സ്കൂള്‍ വാഹനങ്ങളടക്കം റോഡില്‍ താഴ്ന്നുപോകുന്നതും ഇവിടെ പതിവാണ്. കൃത്യമായ ആസൂത്രണം ഇല്ലാതെയുള്ള മണ്ണെടുക്കലാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.
സ്ഥലത്തിലൂടെ കടന്നുപോകുന്ന ജലതോറിറ്റിയുടെ പൈപ്പ് ലൈൻ നീക്കാതെ ഇനി പണി തുടങ്ങാൻ സാധിക്കില്ല. പൈപ്പ് ലൈൻ ഉടൻ തന്നെ മാറ്റുമെന്നും പണികൾ തുടങ്ങാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം. ഒന്നുകിൽ നിർമാണം പൂർത്തിയാക്കുക അല്ലെങ്കിൽ റോഡ് പഴയ സ്ഥിതിയിലാക്കുക എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം