'' വിശ്വസിക്കാനാകുന്നില്ല.. ബഷീർ.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല''

തിരുവനന്തപുരം: സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്‍റെ അപകട മരണത്തില്‍ അനുശോചിച്ച് നടി മാലാപാര്‍വ്വതി. "ചേച്ചി ബഷീറാ" എന്ന്‌ പറഞ്ഞു ഇനി അവന്‍ വിളിക്കില്ലെന്ന് മാലാപാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. 

'' വിശ്വസിക്കാനാകുന്നില്ല.. ബഷീർ.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. "ചേച്ചി ബഷീറാ" എന്ന്‌ പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാൻ ആവുന്നില്ല '' - മാലാപാര്‍വ്വതിയുടെ കുറിപ്പ്. 

അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ ബഷീര്‍ മരിച്ചു. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുൻ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമൻ.