ദില്ലി: മലബാര്‍ സിമന്റ്സ് അഴിമതി കേസിലെ വിജിലൻസ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം ഡി എൻ ആർ സുബ്രഹ്മണ്യൻ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഫ്ളൈ ആഷ് ഇറക്കുമതി ചെയ്തതിൽ സിമന്‍റ്സിന് 60 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നതാണ് കേസ്. ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുബ്രഹ്മണ്യത്തിന്‍റെ ഹര്‍ജി തള്ളിയത്.

മലബാര്‍ സിമന്‍റ്സ് ബോർഡ് എടുത്ത തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു എൻ ആര്‍ സുബ്രഹ്മണ്യത്തിന്‍റെ വാദം. നേരത്തെ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സുബ്രഹ്മണ്യത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ആ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് സുബ്രഹ്മണ്യം സുപ്രീംകോടതിയിൽ ഹർജി നൽകിയത്.