മറ്റ് ദേവസ്വം ബോര്‍ഡുകളില്‍ മെച്ചപ്പെട്ട സേവന- വേതന വ്യവസ്ഥകള്‍ നിലവിലുള്ളപ്പോഴാണ് തങ്ങളോട് മാത്രം അവഗണനയെന്ന് മലബാര്‍ ദേവസ്വം ജീവനക്കാര്‍ പറയുന്നു.   

കാസര്‍കോട്: മലബാര്‍ ദേവസ്വം (Malabar Devaswom) ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള കുടിശിക വിതരണം ചെയ്യുക, അപാകത പരിഹരിച്ച് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്തുമാസത്തെ ശമ്പളം കുടിശികയാണ്, അവധിയില്ല, സര്‍വ്വീസ് പെന്‍ഷന്‍ നിലവിലില്ല, തുല്ല്യ ജോലിക്ക് തുല്ല്യ വേതനമില്ല, ഗുരുതരമാണ് മലബാര്‍ ദേവസ്വം ജീവനക്കാരുടെ പ്രശ്നങ്ങള്‍. മറ്റ് ദേവസ്വം ബോര്‍ഡുകളില്‍ മെച്ചപ്പെട്ട സേവന- വേതന വ്യവസ്ഥകള്‍ നിലവിലുള്ളപ്പോഴാണ് തങ്ങളോട് മാത്രം അവഗണനയെന്ന് മലബാര്‍ ദേവസ്വം ജീവനക്കാര്‍ പറയുന്നു.

YouTube video player

2020 നവംബര്‍ ഒന്ന് മുതല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വാക്ക് വിശ്വസിച്ചാണ് 64 ദിവസത്തെ സമരം അവസാനിപ്പിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. സമരം പിന്‍വലിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം തുടങ്ങുന്നത്. ഈ മാസം 30 ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ക്ഷേത്ര ജീവനക്കാ‍ര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.