Asianet News MalayalamAsianet News Malayalam

മലബാർ എക്സ‍്‍പ്രസ് തീപിടുത്തത്തിൽ നടപടി; കാസർകോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പാഴ്സൽ ബോഗിയിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾ കൂട്ടിമുട്ടി തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് നിന്ന് പാഴ്സൽ ചെയ്ത ബൈക്കുകളിലെ പെട്രോൾ പൂർണമായി ഒഴിവാക്കിയിരുന്നില്ലെന്നാണ് സൂചന.

Malabar express fire action taken against officer in kasargode
Author
Trivandrum, First Published Jan 17, 2021, 1:10 PM IST

തിരുവനന്തപുരം: മലബാർ എക്സ്പ്രസ്സിന്റെ പാഴ്സൽ ബോഗിയിൽ തീപിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് റെയിൽവേ. കാസർക്കോട് സ്റ്റേഷനിലെ പാഴ്സൽ കൊമേഷ്യൽ സൂപ്പർവൈസറെയാണ് സസ്പെൻഡ് ചെയ്തത്. ആളിക്കത്തിയ തീ, യാത്രാക്കാരുടെ ബോഗിയിലേക്ക് പടരും മുമ്പേ അണക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

പാഴ്സൽ ബോഗിയിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾ കൂട്ടിമുട്ടി തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് നിന്ന് പാഴ്സൽ ചെയ്ത ബൈക്കുകളിലെ പെട്രോള്‍ പൂർണമായി ഒഴിവാക്കിയിരുന്നില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് സ്റ്റേഷനിലെ കൊമേഷ്യൽ സൂപ്പർവൈസറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.

തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വർക്കല ഇടവക്ക് സമീപമാണ് ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസ്സിൽ തീ കണ്ടെത്തിയത്. എഞ്ചിനോട് ചേ‍ർന്ന പാഴ്സൽ ബോഗിയിലായിരുന്നു തീ. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട ഇടവ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആണ് ലോക്കോപൈലറ്റിനെയും സ്റ്റേഷൻ മാസ്റ്ററെയും വിവരം അറിയിച്ചത്. പിന്നാലെ ഇടവ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു. യാത്രക്കാരെ ബോഗികളിൽ നിന്നം ഒഴിപ്പിച്ചു. ഫയർഫോഴ്സ് എത്തി അര മണിക്കൂറിനുള്ളിൽ തീ അണച്ചു. പിന്നീട്  പാഴ്സൽ വാൻ മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.

Follow Us:
Download App:
  • android
  • ios