മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 10 സെന്റീമീറ്റർ വീതം ഉയർത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീ മീറ്ററായി ഉയർത്തി. തെന്മല പരപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളാണ് വൈകീട്ട് മൂന്ന് മണിയോടെ തുറന്നത്. 10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9 മണിയോട് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

കാഞ്ഞിരപ്പുഴയിൽ കൂടുതൽ വെള്ളം പുറത്തേക്ക്
മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീ മീറ്ററായി ഉയർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാലാണ് തീരുമാനം. നിലവിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പിനെക്കാൾ കൂടുതലാണ്. 11 മണിയോടെയാണ് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഇന്നലെ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഡാമിലെ നിലവിലെ ജലനിരപ്പ് 94 മീറ്ററാണ്. 97.50 മീറ്ററാണ് പരമാവധി സംഭരണശേഷി.
മുല്ലപ്പെരിയാർ തുറന്നു
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ആറ് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. സെക്കന്റിൽ 1000 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടർ തുറക്കുമെന്നാണ് തമിഴ‍്‍നാട് അറിയിച്ചിരുന്നത്. എന്നാൽ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിച്ചു. ഒരു മണിയോടെയാണ് ഒടുവിൽ ഷട്ടർ തുറന്നത്. മണിക്കൂറിൽ 0.1 ഘനയടി എന്ന തോതിൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടർ തുറക്കുന്നത് തമിഴ‍്‍നാട് താമസിപ്പിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 6 ഷട്ടറുകൾ തുറന്നു; സെക്കന്റിൽ 1000 ഘനയടി വെള്ളം പുറത്തേക്ക്
ഒരു മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 137.5 അടിയിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് തമിഴ‍്‍നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നത്. റൂൾ കർവ് പാലിച്ചാണ് തമിഴ‍്നാടിന്റെ നടപടി. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്റിൽ 534 ഘനയടി വെള്ളമാണ് ആദ്യം പുറത്തേക്കോഴുക്കിയത്. 3 മണിയോടെ 3 ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ആളവ് ഇരട്ടിയായി. 6 ഷട്ടറുകൾ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. സെക്കന്റിൽ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൂ. എന്നാലും പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തെന്മല പരപ്പാർ ഡാം തുറന്നു
കൊല്ലത്ത് തെന്മല പരപ്പാറ ഡാമിന്റെ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി. 10 സെന്റീമീറ്റർ വീതം മൂന്നു തവണയായാണ് 30 സെന്റീമീറ്ററിലേക്ക് ഉയർത്തിയത്. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ നാളെ 50 സെന്റീമീറ്റർ വരെയാക്കി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. കല്ലടയാറ്റിന്റെ ഇരു കരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
