മലപ്പുറം: ഇന്ന് ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം സ്വദേശികളായ രോ​ഗ​ബാധിതരുടെ എണ്ണം നാലായി. നിലമ്പൂർ കരുളായി പാലേങ്കര സ്വദേശിയായ 40 കാരനാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ കുവൈറ്റിൽ നിന്ന് ഈ മാസം ഒമ്പതിന് കൊച്ചിയിലെത്തിയതാണ്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികിത്സയിലുള്ള ആൾക്കാണ് ഇന്ന്  രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ സമ്പർക്കപട്ടികയിൽ ഉള്ളത് 300 പേരാണ്. ഇയാൾ കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും കണക്ക് അതാത് ജില്ലാ ഭരണകൂടങ്ങളുടെ കയ്യിൽ ഉണ്ടെന്ന് മലപ്പുറം കളക്‌ടർ അറിയിച്ചു. കൊവിഡ്ര ബാധിച്ച രണ്ട് പേരാണ് മലപ്പുറത്ത് ചികിത്സയിലുള്ളത്. രോ​ഗബാധിതരായ മറ്റ് രണ്ട് മലപ്പുറം സ്വദേശികൾ  കോഴിക്കോട്ടും എറണാകുളത്തുമാണ് ചികിത്സയിലുള്ളത്. 

ജില്ലയിൽ ഇപ്പോൾ 1481 പേരാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 36 പേർ ആശുപത്രികളിലും 1054 ആളുകൾ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വരും ദിവസങ്ങളിൽ പ്രവാസികളടക്കം കൂടുതൽ പേർ ജില്ലയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ രോ​ഗികളുണ്ടാകാനുള്ള സാധ്യതയും ജില്ലാ ഭരണകൂടം മുൻകൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവർക്കും ആവശ്യമായ ക്വാറന്റൈൻ സൗകര്യം ഒരുക്കിക്കൊണ്ടുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.